
ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ പത്തൊൻപതുകാരിയായ കോളേജ് വിദ്യാർത്ഥിനിയെ കഴുത്തുഞെരിച്ച് കൊന്ന് പെട്രോളൊഴിച്ച് കത്തിച്ച പ്രതി പിടിയിൽ. ചേതൻ എന്ന യുവാവാണ് പിടിയിലായത്. രണ്ടു വർഷമായി ചേതനും പെൺകുട്ടിയും പ്രണയത്തിലായിരുന്നു എന്ന് പൊലീസ് പറയുന്നു. വിവാഹം കഴിക്കാൻ യുവതിയുടെ ബന്ധുക്കൾ നിർബന്ധിച്ചതിനെ തുടർന്നായിരുന്നു കൊലപാതകമെന്നാണ് പ്രതിയുടെ മൊഴി.
ചിത്രദുർഗയിൽ ദേശീയപാതയോരത്ത് പാതി കത്തി, നഗ്നമാക്കിയ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലാണ് പ്രതി പിടിയിലായത്. രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയായ പെൺകുട്ടി കൊല്ലപ്പെടും മുൻപ് ബലാത്സംഗത്തിന് ഇരയായതായി പൊലീസ് അറിയിച്ചിരുന്നു. പിന്നാലെ മരിച്ചയാളെ തിരിച്ചറിഞ്ഞു. ഓഗസ്റ്റ് 14ന് കോളേജ് ഹോസ്റ്റലിൽ നിന്ന് കാണാതായ പെൺകുട്ടിയുടെതായിരുന്നു മൃതദേഹം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി ചേതൻ പിടിയിലായത്.
ഗംഗാവതിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന പ്രതി ഓഗസ്റ്റ് 14ന് പെൺകുട്ടിയെ ഹോസ്റ്റലിലെത്തി കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. അവിടെ നിന്ന് ഗോണൂർ എന്ന സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്ത ശേഷം കഴുത്തു ഞെരിച്ച് കൊന്നു. തുടർന്ന് ആളെ തിരിച്ചറിയാതിരിക്കാൻ പെട്രോളൊഴിച്ച് കത്തിച്ചു. താനുമായി പ്രണയത്തിലുള്ളപ്പോൾ തന്നെ പെൺകുട്ടി മറ്റൊരാളുമായി ബന്ധം പുലർത്തിയിരുന്നുവെന്നാണ് ചേതൻ പൊലീസിനോട് പറഞ്ഞത്. പെൺകുട്ടിയുടെ ബന്ധുക്കൾ വിവാഹം കഴിക്കാൻ നിർബന്ധിച്ചപ്പോഴാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും ചേതൻ മൊഴി നൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കി.
നേരത്തെ സർക്കാർ ആശുപത്രിയിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ ശേഷം പെൺകുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ വിസമ്മതിച്ചിരുന്നു. പ്രതിയെ പിടികൂടും വരെ പിന്മാറില്ലെന്നും വ്യക്തമാക്കിയായിരുന്നു. ഈ പ്രതിഷേധം. ശക്തമായതിനിടയിലാണ് ഉച്ചയോടെ പ്രതി ചേതനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam