ലോക്ക് ഡൗണ്‍ കാലത്ത് മദ്യം കിട്ടാന്‍ എന്തുചെയ്യും; ഓൺലൈൻ വഴി ശ്രമം നടത്തി, നഷ്ടമായത് വന്‍ തുക

By Web TeamFirst Published Mar 30, 2020, 5:19 PM IST
Highlights

മദ്യത്തിന്റെ പണമായ 1260 രൂപ ഓൺലൈനായി തന്നെ കൈമാറണം എന്നായിരുന്നു നിർദേശം. ഇതിന് രാമചന്ദ്ര തയ്യാറായതോടെയാണ് തട്ടിപ്പ് നടന്നത്. 

മുംബൈ: കൊവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മദ്യ വിൽപ്പന ശാലകളും ബാറുകളുമെല്ലാം അടഞ്ഞു കിടക്കുകയാണ്. ഇതിനിടെ ഓൺലൈൻ വഴി മദ്യം വാങ്ങാൻ ശ്രമിച്ചയാൾക്ക് 51,000 രൂപ നഷ്ടമായി. മുംബൈയിലെ ഖാർഗറിലാണ് സംഭവം ഉണ്ടായത്. രാമചന്ദ്ര പാട്ടീൽ എന്നയാൾക്കാണ് അമളി പറ്റിയത്.

മദ്യം കിട്ടുമോന്ന് ഓൺലൈനിൽ തെരഞ്ഞപ്പോൾ കിട്ടിയ മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിനിരയായതെന്ന് മുംബൈയിലെ ആശുപത്രിയിൽ ലബോറട്ടറി അസിസ്റ്റന്റായി ജോലിനോക്കുന്ന പാട്ടിൽ പറയുന്നു. ഈ നമ്പറുമായി ബന്ധപ്പെട്ടപ്പോൾ മദ്യം വീട്ടിൽ എത്തിച്ചു നൽകാം എന്ന് രാമചന്ദ്രയ്ക്ക് ഉറപ്പ് ലഭിച്ചു.

മദ്യത്തിന്റെ പണമായ 1260 രൂപ ഓൺലൈനായി തന്നെ കൈമാറണം എന്നായിരുന്നു നിർദേശം. ഇതിന് രാമചന്ദ്ര തയ്യാറായതോടെയാണ് തട്ടിപ്പ് നടന്നത്. ബാങ്കിൽ നിന്നും ലഭിച്ച ഒ ടി പി നൽകാൻ ഫോണിന് മറുപുറത്തുള്ളയാൾ ആവശ്യപ്പെട്ടതോടെ രാമചന്ദ്ര അതും നൽകി. ഇതോടെ 1260 രൂപയ്ക്ക് പകരം 51,000 രൂപ അക്കൗണ്ടിൽ നിന്നും നഷ്ടപ്പെടുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

click me!