
ലുധിയാന: റെയിൽവേയുമായി നിയമപോരാട്ടം നടത്തി റീഫണ്ട് തുക ഇനത്തിൽ നഷ്ടമായ അഞ്ച് രൂപ തിരികെ വാങ്ങി 41കാരൻ. പഞ്ചാബിലെ ലുധിയാന സ്വദേശിയായ പ്രേംജിത്ത് സിങ് ആണ് ഉപഭോക്തൃ കോടതിയിൽനിന്ന് അനുകൂല വിധി നേടിയത്. ട്രെയിൻ ടിക്കറ്റ് റദ്ദാക്കിയ ഇനത്തിൽ ലഭിച്ച റീഫണ്ട് തുകയിൽ അഞ്ച് രൂപ കുറവ് വന്നതോടെ ആണ് പ്രേംജിത്ത് സിങ് നിയമപോരാട്ടത്തിന് ഇറങ്ങിയത്. ആദ്യം റെയിൽവേ അധികൃതരെ സമീപിച്ചെങ്കിലും അനുകൂല പ്രതികരണം ലഭിക്കാതെ വന്നതോടെ ആണ് ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിക്കാൻ യുവാവ് തുനിഞ്ഞത്.
2023 ഫെബ്രുവരി 28നാണ് പ്രേംജിത്ത് സിങ് തനിക്കും പിതാവിനും ഹിസാറിൽനിന്ന് ലുധിയാനയിലേക്ക് യാത്ര ചെയ്യാനായി 330 രൂപ ചെലവിൽ രണ്ട് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തത്. ലുധിയാന റെയിൽവേ സ്റ്റേഷനിൽനിന്ന് ഡെബിറ്റ് കാർഡ് മുഖേന ആണ് ഇടപാട് നടത്തിയിരുന്നത്. എന്നാൽ വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി യാത്രയ്ക്ക് ഒരു ദിവസം മുൻപ്, മാർച്ച് രണ്ടിന് ടിക്കറ്റ് റദ്ദാക്കി.
ക്യാൻസലേഷൻ ചാർജ് നിരക്കായ 240 രൂപ കഴിഞ്ഞ് 90 രൂപയായിരുന്നു പ്രേംജിത്തിന് റീഫണ്ടായി അക്കൗണ്ടിൽ ലഭിക്കേണ്ടിയിരുന്നത്. എന്നാൽ 2024 ജനുവരിയിൽ ബാങ്ക് സ്റ്റേറ്റ്മെൻ്റ് പരിശോധിക്കുമ്പോഴാണ് 85 രൂപ മാത്രമാണ് റീഫണ്ടായി വന്നതെന്ന് മനസ്സിലാക്കുന്നത്. ടിക്കറ്റും ബാങ്ക് സ്റ്റേറ്റ്മെൻ്റുമായി പ്രേംജിത്ത് സിങ് റെയിൽവേ സ്റ്റേഷൻ അധികൃതരെ സമീപിച്ചെങ്കിലും അഞ്ച് രൂപ കുറച്ചതിനുള്ള വ്യക്തമായ വിശദീകരണം ലഭിച്ചില്ല. വൈകാതെ, അഞ്ച് രൂപ കൂടി റീഫണ്ട് തേടി യുവാവ് റെയിൽവേയ്ക്ക് വക്കീൽ നോട്ടീസ് അയയ്ക്കുകയും ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയും ചെയ്തു. അതിനിടെ, തങ്ങളല്ല അഞ്ച് രൂപ പിടിച്ചതെന്നും യുവാവിൻ്റെ ബാങ്ക് ആണെന്നും റെയിൽവേ മറുപടി നൽകി.
ഉപഭോക്തൃ കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ പിഒസ് മെഷീനിലൂടെ നടത്തുന്ന 1000 രൂപ വരെയുള്ള ഇടപാടുകൾക്ക് അഞ്ച് രൂപ റീഫണ്ട് ചാർജ് പിടിക്കാൻ ബാങ്കുകളെ അനുവദിക്കുന്ന 2017ലെ റെയിൽവേ ബോർഡ് വിജ്ഞാപനം കണ്ടെത്തി. എന്നാൽ ഇക്കാര്യം എതിർകക്ഷിയായ റെയിൽവേയുടെ ഉദ്യോഗസ്ഥർക്ക് പോലും അറിവില്ലായിരുന്നുവെന്ന് കമ്മീഷൻ നിരീക്ഷിച്ചു. റീഫണ്ട് തുകയിൽനിന്ന് അഞ്ച് രൂപ പിടിച്ചതിനുള്ള കാരണം പരാതിക്കാരനെ അറിയിച്ചില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. റെയിൽവേ ഹിതമല്ലാത്ത വ്യാപാര രീതി നടത്തിയെന്ന് ചൂണ്ടിക്കാട്ടിയ കമ്മീഷൻ പരാതിക്കാരൻ ബാക്കി തുകയ്ക്ക് അർഹനാണെന്നും ഉത്തരവിട്ടു.
റീഫണ്ട് തുകയിൽനിന്ന് പിടിച്ച അഞ്ച് രൂപ യുവാവിന് നൽകാൻ ഉത്തരവിട്ട കമ്മീഷൻ, ചെലവ് ഇനത്തിൽ 10,000 രൂപ അടയ്ക്കാനും നിർദേശിച്ചു. 30 ദിവസത്തിനകം തുക നൽകിയില്ലെങ്കിൽ തുക അടയ്ക്കുന്നതുവരെ ഓരോ ദിവസവും 200 രൂപ വീതം പിഴ ചുമത്തുമെന്നും ഉത്തരവിലുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam