തമിഴ്നാട് കൊടൈക്കനാലിൽ പ്രബലജാതിക്കാരുടെ പറമ്പിലേക്ക് കുതിര കടന്നതിനെ തുടർന്ന് രാമർ എന്ന ദളിത് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ ഒരാൾ കീഴടങ്ങിയെങ്കിലും മറ്റുള്ളവരെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ദളിത് സംഘടനകളും സിപിഎമ്മും രംഗത്തെത്തി. കൊലപാതകത്തിന് പിന്നിൽ ജാതിവിവേചനമാണെന്ന് ആരോപണമുയരുമ്പോൾ വ്യക്തിവൈരാഗ്യമാണെന്നാണ് പൊലീസ് നിലപാട്.

കൊടൈക്കനാൽ: തമിഴ്നാട് കൊടൈക്കനാലിൽ ദളിത് യുവാവ് കൊല്ലപ്പെട്ടു. പ്രബലജാതിക്കാരുടെ പറന്പിലേക്ക് കുതിരയുമായി കടന്നതിന് മർദ്ദിച്ച് കൊല്ലുകയായിരുന്നു. പ്രതികളിലൊരാൾ പൊലീസിൽ കീഴടങ്ങി. സംഭവത്തിൽ രാഷ്ട്രീയ വിവാദവും കനത്തു. ദിണ്ടിഗൽ ജില്ലയിലെ ഉയർന്ന സഥലങ്ങളിലേക്ക് കുതിരപ്പുറത്ത് പച്ചക്കറി എത്തിക്കുന്ന ദളിത് യുവാക്കളായ രാമർ, പ്രശാന്ത് എന്നിവർക്ക് നേരേയാണ് ആക്രമണം ഉണ്ടായത്. കുതിര തന്റെ പറന്പിൽ കടക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാരനും പ്രബല ജാതിക്കാരനുമായ രഘു പല തവണ രാമറുമായിവാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം രാത്രി കാറിലെത്തിയ രഘു , രാമറിനെയും പ്രശാന്തിനെയും വീട്ടിൽനന്ന് വിളിച്ചിറക്കി. കാറിൽ ഇരുവരും കയറിയതിന് പിന്നാലെ 5 പേർ വാഹനം വളഞ്ഞ് ആക്രമിക്കുകയായിരുന്നു. ഇരുവരെയും ക്രൂരമായി മർദ്ദിച്ച അക്രമികൾ പിന്നീട് കാറിൽ കയറി രക്ഷപ്പെട്ടു. ബന്ധുക്കൾ തിരക്കി എത്തുമ്പോഴേക്കും രാമറിന്റെ ജീവൻ നഷ്ടമായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രശാന്ത് ആശുപത്രിയിൽ ചികിത്സയിലാണ്. രഘു പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

എന്നാൽ അക്രമിസംഘത്തിലെ മറ്റുള്ളവരെ ഇതുവരെ പിടികൂടിയിട്ടില്ല. കൊലയ്ക്ക് പിന്നിൽ വ്യക്തിവൈരാഗ്യം മാത്രമെന്നും ജാതിക്കൊലയായി പരിഗണിക്കാനാകില്ലെന്നുമാണ് പൊലീസ് നിലപാട്. എല്ലാ പ്രതികളെയും ഉടൻ അറസ്റ്റുചെയ്യണമെന്നും രാമറിന്റെ കുടുംബത്തിന് ധനസഹായവും ബന്ധുക്കളിലൊരാൾക്ക് സർക്കാർ ജോലിയും നൽകണമെന്നും ആവശ്യപ്പെട്ട് സിപിഎമ്മും ദളിത് സംഘനടകളും റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു