ലോക്സഭാ സെക്രട്ടറിയറ്റ് ജീവനക്കാരന് കൊവിഡ് 19; സമ്പര്‍ക്കത്തിലെത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തില്‍ അധികൃതര്‍

By Web TeamFirst Published Apr 21, 2020, 2:44 PM IST
Highlights

ഏതാനും ദിവസങ്ങളായി ഇയാള്‍ ജോലിക്കെത്തിയിരുന്നില്ല. കടുത്ത പനിയുമായി ആശുപത്രിയിലെത്തിയ ഇയാള്‍ കൊവിഡ് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. വിശദമായ പരിശോധനയിലാണ് കൊവിഡ് 19 ഇയാള്‍ക്ക് സ്ഥിരീകരിച്ചത്. 


ദില്ലി: ലോക്സഭാ സെക്രട്ടറിയറ്റ് ജീവനക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഹൌസ് കീപ്പിംഗ് വിഭാഗത്തിലെ ജീവനക്കാരനാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഏതാനും ദിവസങ്ങളായി ഇയാള്‍ ജോലിക്കെത്തിയിരുന്നില്ല. കടുത്ത പനിയുമായി ആശുപത്രിയിലെത്തിയ ഇയാള്‍ കൊവിഡ് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. വിശദമായ പരിശോധനയിലാണ് കൊവിഡ് 19 ഇയാള്‍ക്ക് സ്ഥിരീകരിച്ചത്. 

ദില്ലിയിലെ ആര്‍എംഎല്‍ ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇയാളുടെ കുടുംബത്തേയും ഇയാളുമായി അടുത്ത ബന്ധം പുലര്‍ത്തിയവരേയും ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ വിവരങ്ങള്‍ പരിശോധിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിനോടകം ഇയാളുമായി സമ്പര്‍ക്കത്തില്‍ വന്ന പതിനൊന്ന് പേരെ പരിശോധനകള്‍ക്ക് വിധേയരാക്കി. ഇവരുടെ പരിശോധനാഫലം വരാനാണ് കാത്തിരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. 

ദില്ലിയിലുള്ള ഇയാളുടെ വീട്ടിലും ക്വാറന്‍റൈന്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് പ്രാദേശിക ഭരണകൂടം. മാര്‍ച്ച് 23നാണ് ലോക്സഭ പിരിഞ്ഞത്. ബഡ്ജറ്റ് സമ്മേളനത്തിന് 12 ദിവസം മുന്‍പായിട്ടായിരുന്നു ഇത്. ദില്ലിയില്‍ ഇതിനോടകം 2081 പേരാണ് കൊവിഡ് ബാധിച്ചിട്ടുളളത്. തിങ്കളാഴ്ച മാത്രം 78 പുതിയ കേസുകളാണ് ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 47 പേരാണ് ദില്ലിയില്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്. 
 

click me!