മോദിയെയും അസം മന്ത്രിയെയും പരാമര്‍ശിച്ച് വധഭീഷണി; യുവാവിനെതിരെ കേസ്

By Web TeamFirst Published Sep 23, 2019, 2:42 PM IST
Highlights

മോദിയെയും അസം ധനകാര്യമന്ത്രിയെയും പരാമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ ഭീഷണി കുറിപ്പ് പങ്കുവെച്ച യുവാവിനെതിരെ കേസ്. 

ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അസം ധനമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മയെയും പരാമര്‍ശിച്ച്  വധഭീഷണി കുറിപ്പെഴുതിയ യുവാവിനെതിരെ കേസ്. അസം സ്വദേശിയായ 35-കാരന്‍ ലിന്‍റു  കിഷോര്‍ ശര്‍മ്മയാണ് പൊലീസിന്‍റെ പിടിയിലായത്. 

ഗുവാഹത്തിയില്‍ മോദിയും ഹിമാന്ത ബിശ്വ ശര്‍മ്മയും പങ്കെടുക്കുന്ന 2021- ലെ തെരഞ്ഞെടുപ്പ് റാലിയില്‍ തീവ്രവാദ ആക്രമണം ഉണ്ടാകുമെന്നാണ് ഇയാളുടെ പ്രവചനം.  നരേന്ദ്ര മോദിയാണ് തീവ്രവാദികളുടെ ലക്ഷ്യമെങ്കിലും ആക്രമണത്തില്‍  അസം ധനകാര്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മയുടെ ജീവന് അപകടമുണ്ടാകുമെന്നും ലിന്‍റു കിഷോര്‍ ഫേസ്ബുക്കില്‍ കുറിച്ചു. സെപ്തംബര്‍ 15 നാണ് ഇയാള്‍ സോഷ്യല്‍മീഡിയയില്‍ കുറിപ്പ് എഴുതിയത്. ഹിമാന്തയുടെ ജീവിതം തന്‍റെ കൈകളിലാണെന്നും ജീവന്‍ രക്ഷിക്കണമെങ്കില്‍ ഉദ്യോഗാര്‍ത്ഥിയായ മന്ത്രി തനിക്ക് നാല്‍ബറി ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസില്‍ ജോലി നല്‍കണമെന്നും യുവാവ് കുറിച്ചതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 

ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.  ഞായറാഴ്ച ഇയാളെ അറസ്റ്റ് ചെയ്തതായി നാല്‍ബറി  പൊലീസ് സൂപ്രണ്ട് അമന്‍ദീപ് കൗര്‍ അറിയിച്ചു. കുറ്റകരമായ രീതിയിലുള്ള ഉള്ളടക്കം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നെന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും ജ്യോതിഷി എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇയാള്‍ കുറ്റസമ്മതം നടത്തിയതായും എസ്പി പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ ലഭിക്കുന്നതിനായി ചിലര്‍ ഇങ്ങനെ ചെയ്യുകയാണെന്നും ഇത്തരം കേസുകള്‍ മുമ്പും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  

click me!