
ദില്ലി: റോഡരികിൽ പരിക്കേറ്റ് അവശനായി കിടന്ന കുരങ്ങിന് മണിക്കൂറിനുള്ളിൽ സഹായമെത്തിച്ച് എംപി മനേക ഗാന്ധി. മാധ്യമപ്രവർത്തകയായ ഭാരതി ജെയിന്റെ ട്വീറ്റ് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് മനേക സംഭവത്തിൽ ഉടനടി ഇടപെടുകയും പരിഹാരമെത്തിക്കുകയും ചെയ്തത്. ദില്ലിയിലെ ഇന്ത്യൻ പ്രസ്ക്ലബിന് സമീപം അവശനായ നിലയിൽ കണ്ട കുരങ്ങിനെക്കുറിച്ച് ഭാരതി ട്വീറ്റ് ചെയ്യുകയായിരുന്നു.
കുരങ്ങ് വളരെ അവശനിലയിലാണെന്നും മൃഗസ്നേഹികൾ ആരെങ്കിലും കുരങ്ങിനെ സഹായിക്കണമെന്നായിരുന്നു ഭാരതി ജെയിനിന്റെ ട്വീറ്റ്. മനേക ഗാന്ധിക്ക് ടാഗ് ചെയ്യുകയും ചെയ്തിരുന്നു. ഉടൻ തന്നെ മനേക ഗാന്ധിക്ക് റിട്വീറ്റും വന്നു. ഒരു കാർ അയയ്ക്കുന്നുണ്ടന്നും അതിൽ കയറ്റി സഞ്ജയ് ഗാന്ധി അനിമൽ കെയർ സെന്ററിൽ എത്തിക്കുമെന്നുമായിരുന്നു ട്വീറ്റ്. തന്നെ ടാഗ് ചെയ്തതിൽ മനേക ഗാന്ധി നന്ദി അറിയിക്കുകയും ചെയ്തു.
ഇതിന് ശേഷം ഭാരതി ജെയിൻ മറ്റൊരു കുറിപ്പും ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. കുരങ്ങ് രക്ഷപ്പെട്ടെന്നും അത് സുരക്ഷിതമായ ഇടത്താണ് എത്തിപ്പെട്ടതെന്ന് ഉറപ്പാണെന്നുമായിരുന്നു ട്വീറ്റ്. നിറഞ്ഞ കയ്യടികളോടെയാണ് സോഷ്യൽ മീഡിയ മനേക ഗാന്ധിയുടെ ഈ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. പാർലമെന്റ് അംഗമായ മനേക ഗാന്ധി പ്രശസ്തയായ പരിസ്ഥിതി പ്രവർത്തകയും മൃഗസ്നേഹിയും കൂടിയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam