
കൊൽക്കത്ത: ശ്വാസതടസ്സത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ബംഗാളി നടിയും തൃണമൂൽ കോൺഗ്രസ് എംപിയുമായ നുസ്രത് ജഹാൻ ആശുപത്രി വിട്ടതായി റിപ്പോർട്ട്. ചികിത്സയ്ക്ക് ശേഷം തിങ്കളാഴ്ച വൈകിട്ടോടെ നുസ്രത് ആശുപത്രി വിട്ടതായി അടുത്തവൃത്തങ്ങൾ അറിയിച്ചു. ശ്വാസതടസ്സത്തെത്തുടർന്ന് ഞായറാഴ്ച രാത്രിയാണ് നുസ്രത്തിനെ അപ്പോളോ ഗ്ലനിഗോസ് ആശുപതിയിലെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
അതേസമയം, അമിതമായി ഉറക്കഗുളിക കഴിച്ചാണ് നുസ്രത് ജഹാൻ ആശുപത്രിയിലായതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കുടുംബത്തെ ഉദ്ധരിച്ച് എഎഎൻഎസ് റിപ്പോർട്ട് ചെയ്തു. നുസ്രത്തിന് ആസ്മയുണ്ട്. അവർ ഇൻഹെയ്‌ലറും ഉപയോഗിക്കുന്നുണ്ട്. എന്നാൽ, ഞായറാഴ്ച നുസ്രത്തിന്റെ ആരോഗ്യനില വളരെ മോശമാകുകയായിരുന്നു. ഇൻഹെയ്ലർ ഉപയോഗിച്ചിരുന്നെങ്കിലും അത് ഫലം കാണാതാവാതെ വന്നപ്പോഴാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇപ്പോൾ അവർ പൂർണ്ണ ആരോഗ്യവതിയാണെന്നും കുടുംബത്തോടടുത്ത വൃത്തങ്ങൾ പറഞ്ഞു.
നുസ്രത് ആശുപത്രിയിലായി എന്ന വാർത്ത പുറത്തുവന്നപ്പോൾ മയക്ക് മരുന്നിന്റെയോ ഉറക്കഗുളികയുടെയോ അമിതോപയോഗം മൂലമാണ് അവർ ചികിത്സ തേടിയതെന്ന തരത്തിൽ ആരോപണങ്ങൾ പ്രചരിച്ചിരുന്നു. നുസ്രത്തിന്റെ മെഡിക്കൽ റെക്കോർഡ് പരിശോധിച്ച പൊലീസ് ഉദ്യോഗസ്ഥർ മരുന്നുകളുടെ അമിതോപയോഗത്തെക്കുറിച്ചുള്ള സൂചനയാണ് നൽകുന്നത്.
ഞായറാഴ്ച രാത്രി മുതൽ നുസ്രത്തിന്റെ ഭർത്താവ് നിഖിൽ ജെയിനും ബന്ധുക്കളും ആശുപത്രിയിലുണ്ടായിരുന്നു. ജെയിനിന്റെ പിറന്നാളായിരുന്നു ഞായറാഴ്ച. അന്നേദിവസം നുസ്രത്തും ജെയിനും പിറന്നാൾ ആഘോഷിച്ചതിന്റെ ദൃശ്യങ്ങൾ നുസ്രത്ത് സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam