
മംഗളൂരു: കഴിഞ്ഞ വർഷം നഗര പരിധിയിൽ നിന്ന് പിടികൂടിയ മയക്കുമരുന്നുകൾ നശിപ്പിച്ച് മംഗളൂരു പൊലീസ്. 6 കോടി 80 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുകളാണ് പൊലീസ് നശിപ്പിച്ചത്. കോടതിയുടെ അനുമതിയോടെ മുൾകി വ്യവസായ മേഖലയിലാണ് മയക്കുമരുന്നുകൾ നശിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.
2024ൽ പിടികൂടിയ മയക്കുമരുന്നുകൾക്കൊപ്പം 2023ൽ പിടികൂടിയ ഏതാനും മയക്കുമരുന്നുകളും നശിപ്പിച്ചതായി മംഗളൂരു പൊലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു. 37 കേസുകളിലായി പിടികൂടിയ 335 കിലോ ഗ്രാം കഞ്ചാവും 6.5 കിലോ ഗ്രാം എംഡിഎംഎയും 16 ഗ്രാം കൊക്കെയ്നുമാണ് നശിപ്പിച്ചത്. ഇവയ്ക്ക് 6 കോടി 80 ലക്ഷം രൂപ വിലവരുമെന്നും കഴിഞ്ഞ വർഷം മാത്രം 1000ൽ അധികം ലഹരി കേസുകളാണ് രജിസ്റ്റർ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ജനുവരി 11ന് മിസോറമിലെ ചംഫായി ജില്ലയിൽ നിന്ന് 97.90 ലക്ഷം രൂപ വിലമകതിക്കുന്ന ഹെറോയിനുമായി ഒരാളെ അസം റൈഫിൾസ് പിടികൂടിയിരുന്നു. ലൽതൻപുനിയ എന്ന 35കാരനാണ് പിടിയിലായത്. ജനുവരി 10ന് സമാനമായ രീതിയിൽ ഹെറോയിനുമായി മൂന്ന് പേരെ അസം റൈഫിൾസ് പിടികൂടിയിരുന്നു. 9.51 ലക്ഷം രൂപ വിലമതിക്കുന്ന ഹെറോയിനാണ് പിടികൂടിയത്. മിസോറമിൽ നിരോധിത വസ്തുക്കളുടെ നിരന്തരമായ കള്ളക്കടത്ത് തടയാനായി അസം റൈഫിൾസ് വ്യാപക പരിശോധനകൾ ഉൾപ്പെടെയുള്ള കർശന നടപടികളുമായി മുന്നോട്ട് പോകുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam