Latest Videos

പാകിസ്ഥാനെ ബഹുമാനിക്കണം, ഇല്ലെങ്കിൽ അവര്‍ ആണവായുധം പ്രയോഗിക്കും; വിവാദ പ്രസ്താവനയുമായി മണിശങ്കർ അയ്യർ

By Web TeamFirst Published May 10, 2024, 9:29 AM IST
Highlights

കോൺഗ്രസിന്‍റെ  പാക് പ്രണയം അവസാനിക്കില്ലെന്ന് ബിജെപി

ദില്ലി: പാക്കിസ്ഥാനെ പുകഴ്ത്തി കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യർ രംഗത്ത്. പാക്കിസ്ഥാനെ ബഹുമാനിക്കണം ഇല്ലെകിൽ അവർ ആണവായുധം പ്രയോഗിക്കുമെന്നായിരുന്നു കോൺഗ്രസ് നേതാവിന്‍റെ വാക്കുകൾ. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഈ പ്രസ്താവന ബിജെപി ആയുധമാക്കുകയാണ്. കോൺഗ്രസിന്‍റെ  പാക് പ്രണയം അവസാനിക്കില്ലെന്ന് ബിജെപി കുറ്റപ്പെടുത്തി. അതേ സമയം വിവാദ പ്രസ്താവന നടത്തി വെട്ടിലായ സാം പ്രിത്രോദ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സ്ഥാനം രാജിവച്ചു.

ഇന്ത്യയുടെ കിഴക്ക് ഭാഗത്തുള്ളവർ ചൈനക്കാരെ പോലെയും തെക്ക് ഭാഗത്തുള്ളവർ ആഫ്രിക്കകാരെ പോലെയുമാണെന്നായിരുന്നു പിത്രോദയുടെ പ്രസ്താവന. പരാമർശത്തിനെതിരെ പ്രധാനമന്ത്രി ആഞ്ഞടിച്ചതോടെയാണ് കോൺഗ്രസ് പിത്രോദയുടെ രാജി വാങ്ങിയത്. ഇന്ത്യയുടെ വൈവിധ്യം വിശദീകരിച്ച്  പിത്രോദ നടത്തിയ പരാമർശമാണ് വിവാദമായത്. ഇന്ത്യക്കാരെ ചൈനക്കാരോടും ആഫ്രിക്കക്കാരോടും താരതമ്യം ചെയ്ത് വംശീയ അധിക്ഷേപം നടത്തുന്നു എന്നാണ് ബിജെപി ആരോപിക്കുന്നത്.

പ്രസ്താവന വിവാദമായി തൊട്ടടുത്ത മണിക്കൂറിൽ പ്രധാനമന്ത്രി ഇത് ആയുധമാക്കി.എൻറെ മുഖം ഇന്ത്യക്കാരനെ പോലെയാണെന്ന് എഴുതിയാണ് നിരവധി ബിജെപി നേതാക്കൾ സാമൂഹ്യമാധ്യമങ്ങളിൽ ഇത് നേരിട്ടത്. കോൺഗ്രസും തള്ളി പറഞ്ഞതോടെ പിത്രോദ രാജി നല്കി. രാജി പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖ‍ർഗെ അംഗീകരിച്ചു. സഖ്യകക്ഷികളിൽ നിന്ന് വരെ എതിർപ്പുയർന്ന സാഹചര്യത്തിലാണ് പിത്രോദയുടെ രാജി വാങ്ങി വിഷയം തണുപ്പിക്കാൻ കോൺഗ്രസ് നോക്കുന്നത്.

click me!