
ദില്ലി: മണിപ്പൂരിൽ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രത്യേക കമ്മീഷനെ നിയോഗിച്ച് മണിപ്പൂർ സർക്കാർ. ഐപിഎസ് ഉദ്യോഗസ്ഥനായ തെംതിംഗ് നഗാഷാങ്‌വ മാത്രം ഉൾപ്പെടുന്ന ഏകാംഗ കമ്മീഷനാണ് സംഭവം അന്വേഷിക്കുക. അതേസമയം പ്രതികളെ പിടികൂടാതെ മൃതദേഹം സ്വീകരിക്കില്ലെന്ന നിലപാടിലാണ് കൊല്ലപ്പെട്ട സൈനികന്റെ കുടുംബം. ഇംഫാൽ വെസ്റ്റിലെ വീട്ടിൽനിന്നും അക്രമികൾ തട്ടിക്കൊണ്ടുപോയ ഇദ്ദേഹത്തിന്റെ മൃതദേഹം തലക്ക് വെടിയേറ്റ നിലയിൽ ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഖുനിങ്തെകിൽ ഇന്നലെ രാവിലെയാണ് കണ്ടെത്തിയത്. അവധിക്ക് വീട്ടിൽ എത്തിയതായിരുന്നു സൈനികൻ. ലെയ്മാഖോങ് മിലിട്ടറി സ്റ്റേഷനിൽ അംഗമായിരുന്നു ഇദ്ദേഹം.
അതേസമയം മണിപ്പൂരിൽ നിന്ന് ദ്രുത കർമ്മ സേനയെ പിൻവലിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്. ഘട്ടം ഘട്ടമായി സേനയെ പിൻവലിക്കാനാണ് ആലോചിക്കുന്നത്. നിലവിൽ പത്തു കമ്പനി ദ്രുത കർമ്മ സേനയാണ് മണിപ്പൂരിലുള്ളത്. ഇത് കുറയ്ക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ സംസ്ഥാനത്ത് ഗോത്ര വിഭാഗങ്ങൾ തമ്മിൽ സംവരണ വിഷയത്തിൽ ആരംഭിച്ച കലാപം പൂർണമായും അവസാനിച്ചിട്ടില്ല.
Read More: വനിത സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം; മറ്റന്നാൾ ലോക്സഭയിൽ അവതരിപ്പിച്ചേക്കും
അതിനിടെ ഇംഫാൽ വെസ്റ്റിൽ നിന്ന് അത്യാധുനിക ആയുധങ്ങളുമായി അഞ്ച് പേർ പിടിയിലായി. ഇവരെ മോചിപ്പിക്കാൻ എത്തിയ ജനക്കൂട്ടവും പൊലീസുമായി സംഘർഷമുണ്ടായി. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നാണ് പൊലീസ് അറിയിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam