
ഇംഫാല്‍: മണിപ്പൂരില്‍ വാര്‍ത്ത സൈറ്റിന്‍റെ രണ്ട് എഡിറ്റര്‍മാരെ ഭീകരവാദ കുറ്റം ചുമത്തി യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ സൈനിക നീക്കങ്ങള്‍ സംബന്ധിച്ച് വിമര്‍ശന ഉള്‍പ്പെടുന്ന ലേഖനം പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. ഇംഫാല്‍ വെസ്റ്റ് എസ്.പി കെ മേഘചന്ദ്ര സിംഗ് അറസ്റ്റ് രേഖപ്പെടുത്തിയത് സ്ഥിരീകരിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫ്രണ്ടനീര്‍ മണിപ്പൂര്‍ എന്ന വാര്‍ത്ത സൈറ്റിന്‍റെ എക്സിക്യൂട്ടീവ് എഡിറ്റര്‍ പജോള്‍ ചൌവ, എഡിറ്റര്‍ ഇന്‍ ചീഫ് ദീരന്‍ സഡോക്പം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഐപിസി സെക്ഷന്‍ 124 എ രാജ്യദ്രോഹം, 120ബി ക്രിമിനല്‍ ഗൂഢാലോചന, 505 ബി ഭരണ സംവിധാനങ്ങളെ ഭീഷണിപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുക എന്നീ വകുപ്പുകള്‍ക്ക് പുറമേ ഭീകര സംഘടനകളെ സഹായിച്ചുവെന്നതിന് യുഎപിഎ സെക്ഷന്‍ 39 പ്രകാരവും വകുപ്പുകള്‍ ചുമത്തിയാണ് കേസ് എന്നാണ് മാധ്യമ പ്രവര്‍ത്തകരുടെ അഭിഭാഷകന്‍ പറയുന്നത്.
ജനുവരി 6ന് ഫ്രണ്ടനീര്‍ മണിപ്പൂര്‍ സൈറ്റില്‍ റെവല്യൂഷണറി ജേര്‍ണി ഇന്‍ എ മെസ് എന്ന പേരില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. എം ജോയി ലുവാങ് എന്നയാളായിരുന്നു ഇത് എഴുതിയിരുന്നത്. ഇതിനെതിരെയാണ് സ്വമേധയ പൊലീസ് കേസ് എടുത്ത് സൈറ്റിന്‍റെ എഡിറ്റര്‍മാരും ലേഖനമെഴുതിയാള്‍ക്കും എതിരെ കുറ്റം ചുമത്തിയത്.
എഫ്ഐആര്‍ പ്രകാരം, ലേഖനം മണിപ്പൂരിലെ സായുധ ഭീകരവാദ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് പറയുന്നു. കഴിഞ്ഞ ചില ദശകങ്ങളായി മണിപ്പൂരില്‍ പ്രവര്‍ത്തിക്കുന്ന വിഘടനവാദ പ്രവര്‍ത്തനങ്ങളെ ലേഖനം വെള്ളപൂഴുകയാണെന്നും പറയുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇത്തരത്തില്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടതില്‍ ആക്ടിവിസ്റ്റ് ഈറിഡോ ലെച്ചോബമിനെതിരെ സമാനമായ രീതിയില്‍ കേസ് എടുത്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam