'പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറങ്ങുന്നു': മണിപ്പൂർ കലാപത്തിന്റെ പേരിൽ ബിജെപിയില്‍ രാജി

Published : Jul 27, 2023, 05:45 PM ISTUpdated : Jul 27, 2023, 06:29 PM IST
'പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറങ്ങുന്നു': മണിപ്പൂർ കലാപത്തിന്റെ പേരിൽ ബിജെപിയില്‍ രാജി

Synopsis

മണിപ്പൂര്‍ മുഖ്യമന്ത്രിയെ പുറത്താക്കാനുള്ള ധൈര്യം പാർട്ടിക്കില്ലെന്നും വിനോദ് ശർമ്മ കുറ്റപ്പെടുത്തി

ദില്ലി: മണിപ്പൂർ കലാപത്തിന്റെ പേരിൽ ബിജെപിയിൽ രാജി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും വിമർശിച്ചാണ് ബിജെപി നേതാവ് വിനോദ് ശർമ്മ പാർട്ടി അംഗത്വമടക്കം രാജിവച്ചത്. ബിഹാറിൽ ബിജെപിയുടെ വക്താവായിരുന്നു ഇദ്ദേഹം. കേന്ദ്ര സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറങ്ങുകയാണെന്നും മണിപ്പൂര്‍ മുഖ്യമന്ത്രിയെ പുറത്താക്കാനുള്ള ധൈര്യം പാർട്ടിക്കില്ലെന്നും കുറ്റപ്പെടുത്തി. ബിജെപിയുടെ സ്ത്രീ ശാക്തീകരണവും ഹിന്ദു ധർമ സംരക്ഷണവും ഇതോണോയെന്നും രാജി നല്‍കിയശേഷം വിനോദ് ശർമ ചോദിച്ചു.

മണിപ്പൂർ കലാപത്തെ ചൊല്ലി പാര്‍ലമെന്‍റ് തുടർച്ചയായ ആറാം ദിവസവും പ്രതിഷേധത്തിൽ സ്തംഭിച്ചു.  കറുത്ത വസ്ത്രം ധരിച്ചെത്തിയ പ്രതിപക്ഷം നടപടികള്‍ സ്തംഭിപ്പിച്ചു.  പ്രധാനമന്ത്രി പാര്‍ലമെന്‍റില്‍ സംസാരിക്കും വരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ അംഗങ്ങൾ മുന്നറിയിപ്പ് നല്‍കി. പ്രതിപക്ഷം ലോക് സഭ നടപടികള്‍ രണ്ട് തവണ സ്തംഭിപ്പിച്ചു. ചര്‍ച്ചയില്ലെന്ന് ചെയര്‍മാന്‍ വ്യക്തമാക്കിയതോടെ ആദ്യം രാജ്യസഭ സ്തംഭിപ്പിച്ചു. ഉച്ചക്ക് ശേഷം നടപടികള്‍ ബഹിഷ്ക്കരിച്ച് ഇറങ്ങി പോയി. 

പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനങ്ങളടക്കം മന്ത്രാലയത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് വിദേശ കാര്യമന്ത്രി എസ് ജയ്‌ശങ്കര്‍ നടത്തിയ പ്രസംഗം ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷം തടസപ്പെടുത്തി. കുപിതനായി എഴുന്നേറ്റ  മന്ത്രി പിയൂഷ് ഗോയല്‍ ഭരണപക്ഷത്തെ തടസപ്പെടുത്തിയാല്‍ പ്രതിപക്ഷത്ത് നിന്ന് ആരേയും സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് തിരിച്ചടിച്ചു. 

പ്രധാനമന്ത്രി സംസരിച്ചേ മതിയാവൂയെന്ന കടുത്ത നിലപാടുമായി പ്രതിപക്ഷ നേതാക്കള്‍ പാര്‍ലമെന്‍റ് വളപ്പിലും പ്രതിഷേധിച്ചു.  പ്രതിപക്ഷ പ്രതിഷേധം കൂടുതല്‍ കടുക്കുന്നതോടെ അവിശ്വാസ പ്രമേയ ചര്‍ച്ചക്കുള്ള തീയതി പത്ത് ദിവസത്തിനുള്ളില്‍ സ്പീക്കര്‍ തീരുമാനിക്കുമെന്ന് പാര്‍ലമെന്‍ററി കാര്യമന്ത്രി പ്രള്‍ഹാദ് ജോഷി വ്യക്തമാക്കി. 

അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ചയുണ്ടാകുമെങ്കിലും വിജയിക്കില്ല. അപ്പോള്‍ സര്‍ക്കാരിനെ  സമ്മര്‍ദ്ദത്തിലാക്കി പാര്‍ലമെന്‍റില്‍ പ്രധാനമന്ത്രിയുടെ വായ തുറപ്പിക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. അതേസമയം കോണ്‍ഗ്രസ് മാത്രമായി അവിശ്വാസ പ്രമേയം കൊണ്ടുവന്നതില്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ അതൃപ്തി അറിയിച്ചു. തുടര്‍ന്നങ്ങോട്ട് എല്ലാവരേയും ഉള്‍ക്കൊണ്ടേ മുന്‍പോട്ട് പോകൂയെന്ന് പ്രതിപക്ഷ യോഗത്തില്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ഉറപ്പ് നല്‍കി. എന്നാല്‍ ബിഎസ്പി, വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികള്‍ സര്‍ക്കാരിനെതിരായ പ്രമേയത്തെ പിന്തുണച്ചിട്ടില്ല. 

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്

PREV
Read more Articles on
click me!

Recommended Stories

നിസ്സഹായത പ്രകടിപ്പിച്ച് ഇൻഡിഗോ, സാധാരണ നിലയിലാകുക ഫെബ്രുവരി പത്തോടെയെന്ന് അറിയിപ്പ്; ഇന്നും സർവീസുകൾ റദ്ദാക്കും
നവവധു നേരിട്ടത് കൊടിയ പീഡനം; ഭർത്താവ് സിഗരറ്റ് കുറ്റി കൊണ്ട് പൊള്ളിച്ചു, വിവാഹം നടത്തിയത് സ്വവർഗാനുരാഗിയാണെന്നത് മറച്ചുവച്ച്