മൗനി എന്ന് കളിയാക്കി, പക്ഷെ മാധ്യമങ്ങളെ കാണാൻ താൻ ഭയപ്പെട്ടിരുന്നില്ല: മൻമോഹൻ സിം​ഗ്

By Web TeamFirst Published May 18, 2019, 2:01 PM IST
Highlights

മാധ്യമങ്ങളോട് സംസാരിക്കാൻ ഭയപ്പെട്ടിരുന്നൊരു പ്രധാനമന്ത്രിയായിരുന്നില്ല താനെന്ന് മോദിയെ പരിഹസിച്ച് മൻമോഹൻ സിം​ഗ് പറഞ്ഞു. 

ദില്ലി: വാർത്താ സമ്മേളനത്തിൽ മൗനം പാലിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഒളിയമ്പുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിം​ഗ് രം​ഗത്ത്. മാധ്യമങ്ങളോട് സംസാരിക്കാൻ ഭയപ്പെട്ടിരുന്നൊരു പ്രധാനമന്ത്രിയായിരുന്നില്ല താനെന്ന് മോദിയെ പരിഹസിച്ച് മൻമോഹൻ സിം​ഗ് പറഞ്ഞു. 'ചേയ്ഞ്ചിങ്ങ് ഇന്ത്യ' എന്ന തന്റെ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

താനൊരു മൗനിയായ പ്രധാനമന്ത്രിയാണെന്നായിരുന്നു ആളുകൾ പറഞ്ഞത്. 'ചേയ്ഞ്ചിങ്ങ് ഇന്ത്യ' എന്ന തന്റെ ഈ പുസ്തകം അത്തരം ആളുകളെക്കുറിച്ച് പറയുന്നുണ്ട്. മാധ്യമങ്ങളോട് സംസാരിക്കാൻ ഭയപ്പെട്ടിരുന്നൊരു പ്രധാനമന്ത്രിയായിരുന്നില്ല താൻ. പതിവായി താൻ മാധ്യമങ്ങളെ കാണാറുണ്ടായിരുന്നു.. വിദേശപര്യടനത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയാൽ വാർത്താ സമ്മേളനം വിളിച്ച്‌ ചേര്‍ത്തിരുന്നു എന്നും മൻമോഹൻ സിം​ഗ് പറഞ്ഞു. 

പ്രധാനമന്ത്രിയായ ശേഷം ഒരിക്കൽ പോലും വാര്‍ത്താ സമ്മേളനം വിളിച്ചിട്ടില്ലെന്ന കടുത്ത വിമര്‍ശനത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലെത്തിയത്. ബിജെപി അധ്യക്ഷൻ അമിത് ഷായുടെ വാര്‍ത്താ സമ്മേളനം എന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും നാടകീയമായിട്ടായിരുന്നു മോദിയുടെ രംഗ പ്രവേശം. എന്നാൽ അക്ഷരാർത്ഥത്തിൽ അത് അമിത്ഷായുടെ വാര്‍ത്താ സമ്മേളനം തന്നെയായിരുന്നു. മാധ്യമപ്രവർത്തകുടെ മിക്ക ചോദ്യങ്ങൾക്കും പ്രധാനമന്ത്രിക്ക് മറുപടിയുണ്ടായിരുന്നില്ല. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നല്‍കിയത് അമിത് ഷായായിരുന്നു. 
  
രാജ്യം ഉറ്റുനോക്കിയ റഫാൽ അഴിമതി അടക്കമുള്ള വിഷയങ്ങളിൽ മറുപടി നൽകാൻ പ്രധാനമന്ത്രി തയ്യാറായില്ല. എന്നാൽ തുടർച്ചയായി രണ്ടാം തവണയും എന്‍ഡിഎ കേവഭൂരിപക്ഷം നേടുമെന്ന ആത്മവിശ്വാസം മോദി പ്രകടിപ്പിച്ചു. മോദിയോടുള്ള മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് അച്ചടക്കമുള്ള പ്രവര്‍ത്തകനാണെന്നും മറുപടി അധ്യക്ഷന്‍ നല്‍കുമെന്നും മറുപടി നൽകി മോദി ഒഴിഞ്ഞുമാറി. 

അതേസമയം വാർത്താ സമ്മേളനത്തിൽ മൗനം പാലിച്ച മോദിക്കെതിരെ ട്രോളുകൾ നിറയുകയാണ്. വാർത്താ സമ്മേളനത്തിൽ മിണ്ടാതിരിക്കുന്ന മോദിയുടെ ഭാവങ്ങൾ ഉൾപ്പെടുത്തി വീഡിയോയും മീമുകളും തയാറാക്കി സോഷ്യൽമീഡിയയിൽ വ്യാപകമായി പങ്കുവയ്ക്കുകയാണ്. മോ​ദിയെ പരിഹസിച്ച് നിരവധി രാഷ്ട്രീയ നേതാക്കളും രം​ഗത്തെത്തി. 

"അഭിനന്ദനങ്ങള്‍ മോദിജി, മഹത്തായ വാര്‍ത്താ സമ്മേളനം ! നിങ്ങള്‍ വാര്‍ത്താസമ്മേളനത്തിനെത്തിയപ്പോള്‍ തന്നെ ഞങ്ങള്‍ യുദ്ധം പാതി ജയിച്ചു. അടുത്ത തവണ മിസ്റ്റർ ഷാ ചോദ്യങ്ങൾക്ക് ഉത്തരം പറയാന്‍ നിങ്ങളെ അനുവദിക്കും. നന്നായി !  " എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാര്‍ത്താ സമ്മേളനം കഴിഞ്ഞയുടന്‍ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്. 

''താടിയും പ്രസ് ചെയ്ത് കോണും തെറ്റി ഫ്രണ്ട്സിനൊപ്പം മിണ്ടാണ്ടിരിക്കുന്ന ഈ ചടങ്ങിനെയാണ് പ്രസ് കോൺഫറൻസ് എന്ന് പറയുന്നത്'' എന്നാണ് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്. 

click me!