പന്നി വളർത്തൽ ഫാം ആരംഭിച്ച കുടുംബത്തിന് വിലക്ക്; അസമിലെ മതസംഘടനയ്‍ക്കെതിരെ പ്രതിഷേധം

By Web TeamFirst Published May 18, 2019, 12:58 PM IST
Highlights

പന്നി വളർത്തൽ ഫാം ആരംഭിച്ചതിനാൽ ബാലേന്ദ്രനാഥിനെയും കുടുംബത്തെയും സംഘടനയിൽനിന്ന് ‌പുറത്താക്കുകയാണെന്ന് കാണിച്ചായിരുന്നു കത്ത്.

ദിസ്പൂർ: പന്നി വളർത്തൽ ഫാം ആരംഭിച്ചതിന്റെ പേരിൽ അസമിലെ ഏറ്റവും വലിയ മത സംഘടനയായ ശ്രീമന്ത ശങ്കരദേവ് സംഘം (എസ്എസ്എസ്) കുടുംബത്തിന് വിലക്കേർപ്പെടുത്തി. അസമിലെ ബിശ്വനാഥ് ജില്ലയിലെ എസ്എസ്എസ് യൂണിറ്റാണ് വ്യാഴാഴ്ച ഇതുസംബന്ധിച്ച് കുടുംബനാഥനായ ബാലേന്ദ്രനാഥിന് കത്തയച്ചത്. പന്നി വളർത്തൽ ഫാം ആരംഭിച്ചതിനാൽ ബാലേന്ദ്രനാഥിനെയും കുടുംബത്തെയും സംഘടനയിൽനിന്ന് ‌പുറത്താക്കുകയാണെന്ന് കാണിച്ചായിരുന്നു കത്ത്. 

കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ബാലേന്ദ്രനാഥിന്റെ മകൻ ഇന്ദ്രജിത്ത് ഗ്രാമത്തിൽ ഒരു പന്നി വളർത്തൽ ഫാം ആരംഭിച്ചത്. ഉയർന്ന വിദ്യാഭ്യാസം ഉണ്ടായിട്ടും ജോലി ലഭിക്കാത്തതിനെ തുടർന്നാണ് ഫാം തുടങ്ങാൻ ഇന്ദ്രജിത്ത് തീരുമാനിച്ചത്. 2017-ലാണ് ഇന്ദ്രജിത്ത്  ബിരുദം പൂർത്തിയാക്കിയത്. ഒമ്പത് മാസം ബെം​ഗളൂരുവിൽ സെക്യൂരിറ്റി ജീവനക്കാ‌രനായി ജോലി ചെയ്തിരുന്നു. ബെംഗളൂരുവിൽനിന്ന് തിരിച്ച് അസമിലേക്ക് വന്നതിന് ശേഷമാണ് സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്ന ആ​ഗ്രഹം ഇരുപത്തിമൂന്നുകാരനായ ഇന്ദ്രജിത്ത് കുടുംബത്തോട് പങ്കുവച്ചത്.

എന്നാൽ സം​ഘടനയുടെ തീരുമാനം തങ്ങളെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണെന്ന് ബാലേന്ദ്രനാഥ് പറഞ്ഞു. സത്യസന്ധമായി ജീവിക്കാൻ ശ്രമിച്ചതിന് തങ്ങളുടെ കുടുംബം ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്. ഇത്തരമൊരു നടപടിയിലൂടെ സ്വന്തം ​ഗ്രാമത്തിൽ അന്യരായിരിക്കുകയാണ് തങ്ങളെന്നും ബാലേന്ദ്രനാഥ് പറഞ്ഞു. സംഘടനയുടെ വിലക്കിന് പിന്നാലെ ​സമൂഹവും തങ്ങളെ ബഹിഷ്ക്കരിക്കുമോ എന്ന ആശങ്കയിലാണ് നാഥും കുടുംബവും ഇപ്പോൾ. കാരണം 30 ലക്ഷം അം​ഗങ്ങളുള്ള സംഘടനയുടെ തീരുമാനം സമൂഹത്തിൽ വൻ സ്വാധീനം ഉണ്ടാക്കാറുണ്ട്.  
 
അതേസമയം യൂണിറ്റിന്റെ തീരുമാനത്തിനെതിരെ സംഘടന അധികാരികൾ രം​ഗത്തെത്തി. ആളുകൾ പന്നിയോ കോഴിയോ എന്ത് വളർത്തണമെന്ന കാര്യം തീരുമാനിക്കാൻ സം​ഘടനയ്ക്ക് അധികാരമില്ല. ആ ​ഗ്രാമത്തിലെ സ്ഥിതി​ഗതികൾ പരിശോധിച്ചായിരിക്കും ലോക്കൽ യൂണിറ്റ് നടപടി എടുത്തിരിക്കുക. യൂണിറ്റിന്റെ നടപടിയിൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും എസ്എസ്എസ് ചീഫ് സെക്രട്ടറി ബാബബുൽ ബോറ പറഞ്ഞു. 

അസമിൽ ​ഗോത്രവർ​ഗക്കാരല്ലാത്തവർ പന്നി വളർത്തുന്നത് അപൂര്‍വ്വമാണ്. പ്രത്യേകിച്ച് അസമിലെ ജനസംഖ്യയിൽ ഭൂരിപക്ഷമുള്ള ഇന്ദ്രജിത്തിന്റെ മതവിഭാ​​ഗത്തിൽ ഉൾപ്പെടുന്നവർ പന്നിയെ വളർത്താറേയില്ല. അവരെ സംബന്ധിച്ചിടത്തോളം പന്നി ‘വൃത്തിയില്ലാത്ത’വയാണ്. എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അസമിൽ പന്നിയറച്ചി കഴിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധയാണുണ്ടായിരിക്കുന്നത്. യുവാക്കളാണ് പന്നിയിറച്ചി കൂടുതലായും കഴിക്കുന്നത്. 
 

click me!