
ചെന്നൈ: കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ മന്‍മോഹന്‍ സിംഗ് തമിഴ്നാട്ടില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കില്ല. സഖ്യകക്ഷിയായ ഡിഎംകെ രാജ്യസഭാ സീറ്റ് നല്‍കാത്ത സാഹചര്യത്തിലാണ് തമിഴ്നാട്ടില്‍ നിന്ന് കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിയില്ലാത്തത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേരിട്ട് ആവശ്യപ്പെടാത്തതിനാല്‍ മന്‍മോഹന്‍ സിംഗിന് സീറ്റ് നല്‍കേണ്ടതില്ലെന്ന് ഡിഎംകെ തീരുമാനിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
തമിഴ്നാട്ടില്‍ നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലും ഡിഎംകെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികളില്ലെന്ന് ഉറപ്പായത്. എംഡിഎംകെ നേതാവ് വൈക്കോ, ഡിഎംകെ അനുഭാവിയും മുൻ അഡീഷണൽ അഡ്വക്കേറ്റ് ജനറലുമായ പി വിൽസൺ, ഡിഎംകെ നേതാവ് എം ഷൺമുഖം എന്നിവരെയാണ് സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ, മന്‍മോഹന്‍സിംഗിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് കോണ്‍ഗ്രസ് തമിഴ്നാട് നേതൃത്വം ഡിഎംകെയോട് ആവശ്യപ്പെട്ടിരുന്നു. പാര്‍ലമെന്‍റിലെ ജനകീയപ്രതിരോധത്തിന് മന്‍മോഹന്‍സിംഗിന്‍റെ സാന്നിധ്യം ആവശ്യമാണെന്ന അഭിപ്രായം ഡിഎംകെയിലും ഉയര്‍ന്നിരുന്നു. എന്നാല്‍, ഹൈക്കമാന്‍ഡ് നേരിട്ട് ആവശ്യപ്പെടാത്തതിനാൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവേണ്ട എന്ന് മുതിർന്ന ഡിഎംകെ നേതാക്കൾ എം.കെ.സ്റ്റാലിന് നിർദേശം നൽകിയതായാണ് വിവരം. ഇതനുസരിച്ചാണ് ഇപ്പോള്‍ തീരുമാനമുണ്ടായിരിക്കുന്നത്.
ലോക് സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തില്‍ അഭിപ്രായഭിന്നതകള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സഖ്യത്തില്‍ അതൃപ്തി രേഖപ്പെടുത്തി ചില നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയത് ഇരുപാര്‍ട്ടികള്‍ക്കും തലവേദന സൃഷ്ടിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam