
ദില്ലി: ഇന്ത്യൻ കരസേന തലപ്പത്ത് മാറ്റം. ലെഫ്റ്റനന്‍റ് ജനറൽ മനോജ് പാണ്ഡെ (Lieutenant General Manoj Pande) പുതിയ കരസേനാ മേധാവിയായി (Army chief) നാളെ ചുമതലയേൽക്കും. ജനറൽ എം എം നരവനെ വിരമിക്കുന്നതിനാലാണ് മനോജ് പാണ്ഡെ ഇന്ത്യൻ കരസേനയുടെ തലപ്പത്തെത്തുന്നത്. നിലവിൽ ഉപമേധാവിയായി പ്രവർത്തിക്കുന്ന മനോജ് പാണ്ഡ്യ മേധാവിയാകുന്നതോടെ ലഫ്. ജനറൽ ബി എസ് രാജുവാകും കര സേനയുടെ പുതിയ ഉപ മേധാവി. ആന്ധ്ര സ്വദേശിയാണ് ബിഎസ് രാജു.
എഞ്ചീനിയറിങ് വിഭാഗത്തിൽ നിന്ന് രാജ്യത്തിന്‍റെ കരസേനാ മേധാവിയിലേക്ക്; ചരിത്രമെഴുതി മനോജ് പാണ്ഡെ
എഞ്ചീനിയറിംഗ് വിഭാഗത്തിൽ നിന്ന് കരസേനാ മേധാവിയാകുന്ന ആദ്യ വ്യക്തിയാണ് ലെഫ്റ്റനന്‍റ് ജനറൽ മനോജ് പാണ്ഡെ. ജനറൽ എം എം നരവനെ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. സേനയുടെ 29ാം മേധാവിയായിട്ടാകും ലഫ്. ജനറല്‍ മനോജ് പാണ്ഡെ ചുമതല ഏൽക്കുക. നാഷനൽ ഡിഫൻസ് അക്കാദമിയിൽ പഠനം പൂർത്തിയാക്കിയ മനോജ് പാണ്ഡെ 1982ലാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. ഓപ്പറേഷൻ വിജയ്, ഓപ്പറേഷൻ പരാക്രം തുടങ്ങിയവയിൽ പങ്കെടുത്തു. ജമ്മു കാശ്മീർ അതിർത്തിയിൽ എൻജിനീയർ റെജിമെന്റിലും ഇൻഫൻട്രി ബ്രിഗേഡിലും പടിഞ്ഞാറൻ ലഡാക്കിലെ പർവത നിരകളിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ അതിർത്തികളിലും സുപ്രധാന ചുമതലകൾ വഹിച്ചു. ദില്ലിയിൽ കരസേനാ ആസ്ഥാനത്ത് വിവിധ ചുമതലകളുള്ള ഡയറക്‌ടർ ജനറൽ പദവിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam