Hindi Row : ഹിന്ദിയെ സ്നേഹിക്കാത്തവര്‍ വിദേശികള്‍; അത്തരക്കാര്‍ രാജ്യം വിട്ടോളൂവെന്ന് യുപി മന്ത്രി

Published : Apr 29, 2022, 09:13 PM IST
Hindi Row : ഹിന്ദിയെ സ്നേഹിക്കാത്തവര്‍ വിദേശികള്‍; അത്തരക്കാര്‍ രാജ്യം വിട്ടോളൂവെന്ന് യുപി മന്ത്രി

Synopsis

ബോളിവുഡ് നടൻ അജയ് ദേവ്ഗണും കന്നഡ നടൻ കിച്ച സുദീപും തമ്മിലുള്ള ട്വിറ്ററിലെ ഭാഷാ സംവാദത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഉത്തർപ്രദേശ് ഫിഷറീസ് മന്ത്രി.

ലഖ്നൌ: ഹിന്ദി ഇതരഭാഷ തര്‍ക്കം ചൂട് പിടിപ്പിച്ച് വിവാദ പ്രസ്താവനയുമായി യുപി മന്ത്രി (UP Minister) രംഗത്ത്. യുപി മന്ത്രി സഞ്ജയ് നിഷാദാണ് (Sanjay Nishad) വിവാദത്തിന് തുടക്കമിട്ടത്. ഹിന്ദിയെ സ്നേഹിക്കാത്തവര്‍ വിദേശികളാണ്. ഹിന്ദി (Hindi) സംസാരിക്കാൻ താൽപര്യമില്ലാത്തവർക്ക് ഇന്ത്യ വിട്ടുപോകാം എന്നാണ് യുപി മന്ത്രി പ്രസ്താവിച്ചത്. വേറെ എവിടെങ്കിലും പോയി ജീവിക്കൂവെന്നും അദ്ദേഹം പറഞ്ഞു.‘ 

“ഇന്ത്യയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവർ ഹിന്ദിയെ സ്നേഹിക്കണം. നിങ്ങൾക്ക് ഹിന്ദി ഇഷ്ടമല്ലെങ്കിൽ, നിങ്ങൾ ഒരു വിദേശിയാണെന്നോ വിദേശ ശക്തികളുമായി ബന്ധമുള്ളവരാണെന്നോ അനുമാനിക്കും. ഞങ്ങൾ പ്രാദേശിക ഭാഷകളെ ബഹുമാനിക്കുന്നു, എന്നാൽ ഈ രാജ്യം ഒന്നാണ്, ഇന്ത്യയുടെ ഭരണഘടന പറയുന്നത്, ഇന്ത്യ 'ഹിന്ദുസ്ഥാൻ' എന്നാണ്, അതായത് ഹിന്ദി സംസാരിക്കുന്നവരുടെ ഇടം. ഹിന്ദി സംസാരിക്കാത്തവർക്കുള്ള സ്ഥലമല്ല ഹിന്ദുസ്ഥാൻ. അവർ ഈ നാട് വിട്ട് മറ്റെവിടെയെങ്കിലും പോകണം. യുപി ഫിഷറീസ് മന്ത്രി പറഞ്ഞു.

ബോളിവുഡ് നടൻ അജയ് ദേവ്ഗണും കന്നഡ നടൻ കിച്ച സുദീപും തമ്മിലുള്ള ട്വിറ്ററിലെ ഭാഷാ സംവാദത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഉത്തർപ്രദേശ് ഫിഷറീസ് മന്ത്രി.

അതേ സമയം  ഹിന്ദി ദേശീയഭാഷയാണെന്ന ഹിന്ദി നടൻ അജയ് ദേവ്ഗണിന്‍റെ അവകാശവാദത്തെ എതിർത്ത് ട്വീറ്റ് ചെയ്ത കന്നഡ നടൻ കിച്ച സുദീപിന് പിന്തുണയുമായി മുൻ കർണാടക മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യയും കുമാരസ്വാമിയും. അജയ് ദേവ്‍ഗണിന്‍റെ പെരുമാറ്റം 'മണ്ടത്തരമാ'ണെന്ന് നീണ്ട ട്വിറ്റർ ത്രെഡിൽ കുമാരസ്വാമി രൂക്ഷമായി വിമർശിക്കുന്നു. ഹൈപ്പർ സ്വഭാവം സൈബർ ഇടത്തിൽ പ്രകടിപ്പിക്കരുതെന്നും, ഇത്തരം പെരുമാറ്റം വെറും മണ്ടത്തരം മാത്രമാണെന്നും കുമാരസ്വാമി പറയുന്നു. 

രാജ്യത്തെ നിരവധി ഭാഷകളിൽ ഒന്ന് മാത്രമാണ് ഹിന്ദി. ഇന്ത്യയിലെ പ്രാദേശിക ഭാഷകളിൽ ഒന്ന് മാത്രമാണ് ഹിന്ദി. കൂടുതൽ പേർ സംസാരിക്കുന്നത് കൊണ്ട് ഹിന്ദി ദേശീയഭാഷയാകില്ലെന്നും കുമാരസ്വാമി പറയുന്നു. 

ഹിന്ദി ഭാഷയുടെ പേരില്‍ കന്നഡ താരം കിച്ച സുദീപും ഹിന്ദി നടൻ അജയ് ദേവ്ഗണും തമ്മില്‍ ട്വിറ്ററിൽ നടന്ന വാക്പോര് ദേശീയശ്രദ്ധ നേടിയിരുന്നു. ഇപ്പോഴത്തെ പാന്‍ ഇന്ത്യൻ ചിത്രങ്ങള്‍ കണക്കിലെടുത്താല്‍ ഹിന്ദിയെ ദേശീയ ഭാഷയെന്ന് പറയാനാകില്ലെന്നായിരുന്നു ഒരു കന്നഡ ചാനലിന് നൽകിയ അഭിമുഖത്തിൽ കിച്ച സുദീപ് പറഞ്ഞത്. എന്നാലിതിന് മറുപടിയായി ഹിന്ദി ദേശീയ ഭാഷയാണെന്നത് മറക്കരുതെന്ന് പറഞ്ഞ അജയ് ദേവ്ഗണ്‍ സുദീപിന്‍റെ പ്രസ്താവനയില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചു. 

എന്നാൽ സുദീപിന്‍റെ മറുപടി ഇങ്ങനെയായിരുന്നു. 

''പ്രിയപ്പെട്ട അജയ് ദേവ്ഗൺ സർ, ഹിന്ദിയിൽ താങ്കളിട്ട ട്വീറ്റ് എനിക്ക് മനസ്സിലായി. കാരണം, ഞങ്ങൾ ഹിന്ദിയെന്ന ഭാഷയെ ബഹുമാനിക്കുകയും, സ്നേഹിക്കുകയും പഠിക്കുകയും ചെയ്തതാണ്. എന്നാൽ മോശമായി എടുക്കരുത്, താങ്കളിട്ട ട്വീറ്റിന് ഞാൻ കന്നഡയിൽ മറുപടിയിട്ടാൽ എങ്ങനെയിരിക്കും? എന്താ ഞങ്ങളും ഇന്ത്യയിലുള്ളവർ തന്നെയല്ലേ സർ?''

ആര്‍ആര്‍ആര്‍, കെജിഎഫ്, ബാഹുബലി ചിത്രങ്ങളുടെ വന്‍ വിജയം ഉയര്‍ത്തിക്കാട്ടിയായിരുന്നു സുദീപിന്‍റെ പ്രസ്താവന. പാന്‍ ഇന്ത്യന്‍ സിനിമകളെന്ന് അവകാശപ്പെട്ട് ഇറങ്ങുന്ന ബോളിവുഡ് ചിത്രങ്ങള്‍ തെലുങ്കിലും കന്നഡയിലും തമിഴിലും മലയാളത്തിലും റീമേക്ക് ചെയ്താലും ഇന്ന് വിജയിക്കുന്നില്ല. എന്നാല്‍ തെന്നിന്ത്യന്‍ സിനിമകളാകട്ടെ ഹിന്ദിയില്‍ മൊഴി മാറ്റി ബോളിവുഡ് ചിത്രങ്ങളുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നു. ഇപ്പോഴത്തെ പാന്‍ ഇന്ത്യൻ ചിത്രങ്ങള്‍ കണക്കിലെടുത്താല്‍ ഹിന്ദിയെ ദേശീയ ഭാഷയെന്ന് എങ്ങനെ പറയാനാകുമെന്നായിരുന്നു സുദീപിന്‍റെ ചോദ്യം. പിന്നാലെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയ അജയ് ദേവ്ഗണ്‍, ഹിന്ദി ദേശീയഭാഷയാണെന്ന കാര്യം സുദീപ് മറക്കരുതെന്ന് ചൂണ്ടിക്കാട്ടി. ഹിന്ദിക്ക് പ്രധാന്യം ഇല്ലെങ്കില്‍ കന്നഡ ചിത്രങ്ങള്‍ എന്തിനാണ് ഹിന്ദിയിലേക്ക് മൊഴിമാറ്റുന്നത് എന്നും അജയ് ദേവഗണ്‍ ചോദിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സമവായത്തിലെത്തി സർക്കാരും ഗവർണറും; വിസി നിയമനത്തിലെ തീരുമാനം സുപ്രീം കോടതിയെ അറിയിക്കും, അംഗീകാരത്തിന് സാധ്യത
ആമസോണിൽ ഓർഡർ ചെയ്തത് ആപ്പിൾ ഐമാക്; ശരിയായ കാരണം പറയാതെ റിട്ടേൺ ചെയ്ത് ഡെലിവറി ബോയ്, ഭീഷണിപ്പെടുത്തി; പരാതിയുമായി വ്യവസായി