
ദില്ലി: രാജ്യം വൈദ്യുതി പ്രതിസന്ധിയെ നേരിടുന്ന പാശ്ചത്തലത്തില്‍ താപനിലയങ്ങള്‍ക്ക് (Power Plants) ആവശ്യമായ കൽക്കരി (Coal Shortage) എത്തിക്കാന്‍ ചരക്കുവണ്ടികള്‍ വേഗത്തില്‍ ഓടിക്കാന്‍ 650-ലധികം പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കാൻ ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നുവെന്ന് റിപ്പോര്‍ട്ട്.
500 മെയിൽ, എക്സ്പ്രസ് ട്രെയിൻ ട്രിപ്പുകളും 148 കമ്മ്യൂട്ടർ ട്രെയിൻ ട്രിപ്പുകളും ഉൾപ്പെടെ 657 പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കുമെന്ന് റെയിൽവേ വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍ബിസി ടിവി18 റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത രണ്ട് മാസത്തിനുള്ളിൽ കൽക്കരി കൊണ്ടുപോകുന്ന റേക്കുകളുടെ എണ്ണം വർധിപ്പിക്കാനും റെയിൽവേ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നടപടി താത്കാലികമാണെന്നും സ്ഥിതിഗതികൾ സാധാരണ നിലയിലായാലുടൻ ട്രെയിന്‍ സര്‍വീസുകള്‍ പുനഃസ്ഥാപിക്കുമെന്നും ഇന്ത്യൻ റെയിൽവേ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഗൗരവ് കൃഷ്ണ ബൻസാൽ പറഞ്ഞതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. കൽക്കരി വൈദ്യുത നിലയങ്ങളിലേക്ക് എത്താന്‍ എടുക്കുന്ന സമയം കുറയ്ക്കാൻ റെയില്‍വേ ശ്രമിക്കുകയാാണ്, അദ്ദേഹം പറഞ്ഞു.
അതേ സമയം കൽക്കരി ക്ഷാമം മൂലം രാജ്യം മുഴുവൻ വൈദ്യുതി പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നതിനാൽ കേന്ദ്രം കൂടുതൽ കൽക്കരി നൽകുകയെന്നതാണ് പ്രതിസന്ധിയെ നേരിടാനുള്ള മികച്ച പരിഹാരം എന്ന് ദില്ലി വൈദ്യുതി മന്ത്രി സത്യേന്ദർ ജെയിൻ വെള്ളിയാഴ്ച പറഞ്ഞു. അടുത്ത 21 ദിവസത്തേക്കുള്ള കൽക്കരി മാത്രമാണ് ദില്ലിയില്‍ ഉള്ളതെന്നും മന്ത്രി പറഞ്ഞു. വ്യാഴാഴ്ച ദില്ലി സെക്രട്ടേറിയറ്റിൽ കൽക്കരി ക്ഷാമം സംബന്ധിച്ച് അടിയന്തര യോഗം ചേർന്ന ജെയിൻ താപവൈദ്യുത നിലയങ്ങൾക്ക് ആവശ്യമായ കൽക്കരി ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതി.
ദാദ്രി, ഉഞ്ചഹാർ താപവൈദ്യുത നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി വിതരണത്തിലെ തടസ്സം ദില്ലി മെട്രോ, ആശുപത്രികൾ, ദേശീയ തലസ്ഥാനത്തെ മറ്റ് പ്രധാന സ്ഥാപനങ്ങൾ എന്നിവയിലേക്കുള്ള 24 മണിക്കൂറും വൈദ്യുതി വിതരണത്തെ ബാധിച്ചേക്കാമെന്ന് ദില്ലി സർക്കാർ അറിയിച്ചു. നാഷണൽ പവർ പോർട്ടലിന്റെ പ്രതിദിന കൽക്കരി റിപ്പോർട്ട് പ്രകാരം നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെ (എൻടിപിസി) പല തപനിലയങ്ങളിലും കൽക്കരി ക്ഷാമം രൂക്ഷമാണ്.
അതേ സമയം വെള്ളിയാഴ്ച പഞ്ചാബ് വൈദ്യുതി മന്ത്രി ഹർഭജൻ സിങ്ങിന്റെ വസതിക്ക് പുറത്ത് വൈദ്യുതി മുടക്കത്തിനെതിരെ പ്രതിഷേധം ഉയർന്നു. ബിഹാറിലെ വൈദ്യുതി മന്ത്രി ബിജേന്ദ്ര പ്രസാദ് യാദവും കൽക്കരി ക്ഷാമം വലിയ പ്രശ്നമാണെന്നാണ് പറയുന്നത്. 1000 മെഗാവാട്ടിന്റെ കുറവുണ്ടെങ്കിലും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഇത് പരിഹരിക്കപ്പെടുമെന്നും കേന്ദ്ര സർക്കാരുമായി ചർച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam