'പൗരത്വ പട്ടികയില്‍ പലരും കൃത്രിമം കാണിച്ച് കടന്നുകൂടി, ഇനിയും ആളുകളെ ഉള്‍പ്പെടുത്താനുണ്ട്'; ബിജെപി മന്ത്രി

By Web TeamFirst Published Aug 31, 2019, 7:53 PM IST
Highlights

19 ലക്ഷത്തിലധികം ആളുകള്‍ പുറത്താക്കപ്പെട്ട ദേശീയ പൗരത്വ പട്ടിക ഇന്നാണ് അസം സര്‍ക്കാര്‍ പുറത്തുവിട്ടത്.

ഗുവാഹത്തി; ദേശീയ പൗരത്വ പട്ടികയില്‍ അതൃപ്തിയുള്ളതായി അസം ധനകാര്യമന്ത്രി ഹിമാന്ത ബിശ്വാസ് ശര്‍മ്മ. നിരവധി ആളുകള്‍ പൗരത്വ പട്ടികയില്‍ കയറിക്കൂടിയത് വിവരങ്ങളില്‍ കൃത്രിമത്വം കാണിച്ചാണെന്നും ബിജെപി മന്ത്രി ആരോപിച്ചു. അഭയാര്‍ത്ഥി സര്‍ട്ടിഫിക്കറ്റുകള്‍ ദേശീയ പൗരത്വ പട്ടികയില്‍ രേഖയായി സ്വീകരിക്കാത്തതാണ് അര്‍ഹതപ്പെട്ട പല ഇന്ത്യക്കാരും പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് കാരണമെന്നും ബിശ്വാസ് ശര്‍മ്മ പറഞ്ഞു.

1971- ന് മുമ്പ് ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയവരില്‍ പലരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയാണ് ഹിമാന്ത ബിശ്വാസ് ശര്‍മ്മ ഇക്കാര്യം അറിയിച്ചത്. 19 ലക്ഷത്തിലധികം ആളുകള്‍ പുറത്താക്കപ്പെട്ട ദേശീയ പൗരത്വ പട്ടിക ഇന്നാണ് അസം സര്‍ക്കാര്‍ പുറത്തുവിട്ടത്. 3.29 കോടി ആളുകള്‍ അപേക്ഷിച്ച പട്ടികയില്‍ 3.11 കോടി ആളുകളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. 

പട്ടികയിൽ നിന്ന് പുറത്തായവരെ ഉടൻ വിദേശികളായി കണക്കാക്കില്ലെന്നാണ് കേന്ദ്ര സർക്കാർ പറഞ്ഞിരിക്കുന്നത്. ഇവരുടെ ഭാഗം കേൾക്കുന്നതിന് 1000 ട്രൈബ്യൂണലുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിലവിൽ 100 ട്രൈബ്ര്യൂണലുകൾ പ്രവർത്തിക്കുന്നുണ്ട്.   ഇത്തരക്കാര്‍ക്ക് പേര് ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് രേഖകളുമായി  ട്രൈബ്യൂണലിനെ സമീപിക്കാം. ഇന്ന് മുതൽ 120 ദിവസത്തിനകം അപ്പീൽ നൽകണം.  രേഖകൾ പരിശോധിച്ച് ട്രൈബ്യൂണൽ അന്തിമ തീർപ്പ് കൽപിക്കും. ട്രൈബ്യൂണലും എതിരായി വിധിച്ചാൽ ഇവര്‍ക്ക് ഇതിനെതിരെ ഹൈക്കോടതിയെയോ സുപ്രീംകോടതിയെ സമീപിക്കാനുള്ള അവസരമുണ്ട്.  



Names of many Indian citizens who migrated from Bangladesh as refugees prior to 1971 have not been included in the NRC because authorities refused to accept refugee certificates. Many names got included because of manipulation of legacy data as alleged by many 1/2

— Himanta Biswa Sarma (@himantabiswa)

 

 

click me!