തൃണമൂല്‍ അങ്കലാപ്പില്‍; സുവേന്ദുവിന് പിന്നാലെ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Dec 17, 2020, 7:11 PM IST
Highlights

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെ വെച്ചുപൊറുപ്പിക്കേണ്ടെന്ന് മമതാ ബാനര്‍ജി നിര്‍ദേശം നല്‍കി.
 

കൊല്‍ക്കത്ത: സുവേന്ദു അധികാരിക്ക് പിന്നാലെ കൂടുതല്‍ നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിടുന്നതായി വാര്‍ത്താഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പന്തെബേശ്വര്‍ എംഎല്‍എ ജിതേന്ദ്ര തിവാരി, മുതിര്‍ന്ന ടിഎംസി നേതാവ് ദിപ്താങ്ഷു ചൗധരി എന്നിവരും പാര്‍ട്ടി വിട്ടേക്കുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഈസ്റ്റ് മിഡ്‌നാപുരില്‍ സുവേന്ദു അധികാരിയുടെ വിശ്വസ്തരും അദ്ദേഹത്തിന് പിന്നാലെ ടിഎംസി വിട്ടേക്കും.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെ വെച്ചുപൊറുപ്പിക്കേണ്ടെന്ന് മമതാ ബാനര്‍ജി നിര്‍ദേശം നല്‍കി. തുടര്‍ന്ന് ഈസ്റ്റ് മിഡ്‌നാപുര്‍ ജില്ലാ അധ്യക്ഷന്‍ കനിഷ്‌ക പാണ്ഡെയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. മമതാ സര്‍ക്കാറിനെ വിമര്‍ശിച്ച് എംഎല്‍എ ജിതേന്ദ്ര തിവാരി രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ കാരണങ്ങളാല്‍ അസന്‍സോള്‍ അഡ്മിനിസ്‌ട്രേഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ പദവിയില്‍ നിന്ന് രാജിവെക്കുകയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. പാര്‍ട്ടി ജില്ലാ അധ്യക്ഷന്‍ സ്ഥാനത്തുനിന്നും രാജിവെക്കുമെന്ന് അദ്ദേഹം അറിയിച്ചു.

നേരത്തെ മന്ത്രി സ്ഥാനം രാജിവെച്ച സുവേന്ദു വ്യാഴാഴ്ചയാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം ശക്തമായി. ഈ ആഴ്ച അവസാനം അമിത് ഷാ സംസ്ഥാനം സന്ദര്‍ശിക്കുമ്പോള്‍ സുവേന്ദു ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം ശക്തമാണ്. സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ശക്തമായ സ്വാധീനമുള്ള നേതാവാണ് സുവേന്ദു അധികാരി. സുവേന്ദു അധികാരിയെ പാര്‍ട്ടിയിലെത്തിച്ച് അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. തൃണമൂലില്‍ നിന്ന് രാജിവെച്ചതിന് ശേഷം സുവേന്ദുവിന് കേന്ദ്ര സര്‍ക്കാര്‍ ഇസഡ് പ്ലസ് സുരക്ഷ നല്‍കി.
 

click me!