രാജ്യാന്തര യാത്രാവിലക്കിന് മുമ്പ് തിരികെയെത്തിയത് 64000 പേർ; ഇതോടെ ലോക്ക് ഡൗൺ കർശനമാക്കി

By Web TeamFirst Published Mar 25, 2020, 3:05 PM IST
Highlights

ഞായറാഴ്ച രാജ്യാന്തര യാത്രകള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തുന്നതിനു തൊട്ടു മുൻപ് 64,000 പേര്‍ വിദേശരാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയതാണ് കര്‍ശനമായ ലോക്ക് ഡൗൺ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയതെന്നു റിപ്പോര്‍ട്ട്. 


ദില്ലി: കൊവിഡ് 19 രോ​ഗികളുടെ എണ്ണം വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ‍ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തെ എല്ലാ മേഖലകളെയും പ്രതിസന്ധിയിലാക്കിയാണ് കൊവിഡ് 19 വ്യാപിക്കുന്നത്.  ഞായറാഴ്ച രാജ്യാന്തര യാത്രകള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തുന്നതിനു തൊട്ടു മുൻപ് 64,000 പേര്‍ വിദേശരാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയതാണ് കര്‍ശനമായ ലോക്ക് ഡൗൺ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയതെന്നു റിപ്പോര്‍ട്ട്. രോഗബാധയുള്ള രാജ്യങ്ങളില്‍നിന്നാണ് മിക്കവരും തിരികെയെത്തിയത്. ഇവർ സമൂഹവ്യാപനത്തിനു കാരണമാകാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് ചിലയിടങ്ങളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്.

വിദേശയാത്ര ചരിത്രമുള്ള ഇന്ത്യക്കാരുടെ മടങ്ങിവരവും രാജ്യത്ത് കോവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും തമ്മില്‍ ബന്ധമുണ്ടെന്ന് രോഗപ്രതിരോധം കൃത്യമായി നിരീക്ഷിക്കുന്ന ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരും ഐസിഎംആറും സൂചിപ്പിക്കുന്നു. ഇത്തരത്തില്‍ മടങ്ങിയെത്തിയവര്‍ ഹോം ക്വാറന്റീന്‍ മറികടക്കുന്നത് കടുത്ത ആശങ്കയാണ് ഉണ്ടാക്കുന്നത്. ആരോ​ഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ മറികടക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇവര്‍ക്കും ഇവരുമായി അടുത്ത് ഇടപെട്ടവര്‍ക്കും രോഗബാധ സ്ഥിരീകരിക്കപ്പെട്ടാല്‍ അതു ഗുരുതരമായ സമൂഹവ്യാപനത്തിനു കാരണമാകും. ഈ സാഹചര്യത്തിലാണ് സമ്പൂര്‍ണ ലോക്ക് ഡൗണും ലംഘിക്കുന്നവര്‍ക്കു ശിക്ഷയും നടപ്പാക്കേണ്ടിവന്നതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ 1,87,904 പേരാണ് രാജ്യത്തു നിരീക്ഷണത്തില്‍ കഴിയുന്നത്. കടുത്ത പ്രതിരോധ പ്രവർത്തനങ്ങളുമായാണ് രാജ്യം കൊവിഡ് 19 ന് എതിരെ പോരാടുന്നത്. 

click me!