
ദില്ലി: സായുധപോരാട്ടം താൽക്കാലികമായി അവസാനിപ്പിക്കാൻ മാവോയിസ്റ്റുകൾ. മൂന്ന് സംസ്ഥാനത്തെ മാവോയിസ്റ്റുകളാണ് സായുധ പോരാട്ടം അവസാനിപ്പിക്കാൻ 2026 ഫെബ്രുവരി 15 വരെ സമയം തേടിയത്. കേന്ദ്രസർക്കാരിനും, മഹാരാഷ്‌ട്ര, ഛത്തീസ്ഘട്ട്, മധ്യപ്രദേശ് മുഖ്യമന്ത്രിമാർക്കും കത്ത് നൽകി. സ്പെഷ്യൽ സോണൽ കമ്മിറ്റി വക്താവ് അനന്താണ് കത്ത് നൽകിയത്. നക്സലിസം അവസാനിപ്പിക്കണമെന്ന അമിത് ഷായുടെ നിർദ്ദേശത്തിന് പിന്നാലെയാണ് നക്സലുകളുടെ ആവശ്യം. 3 സംസ്ഥാനങ്ങളിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റ് അംഗങ്ങളാണ് കീഴടങ്ങാൻ ഫെബ്രുവരി 15 വരെ സമയം ആവശ്യപ്പെട്ടത്. നിലവിലെ മാവോയിസ്റ്റ് വേട്ട അവസാനിപ്പിക്കണം എന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ഡിയോ സായി, മധ്യ പ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് എന്നിവർക്ക് നൽകിയ കത്തിൽ ആവശ്യപ്പെടുന്നത്. സ്പെഷ്യൽ സോണൽ കമ്മിറ്റി വക്താവ് അനന്ത് ഒപ്പ് വച്ച കത്താണ് നൽകിയത്. നവംബർ 24നാണ് കത്ത് പുറത്ത് വന്നത്.
പാർട്ടി സെൻട്രൽ കമ്മിറ്റി ആൻഡ് പോളിറ്റ്ബ്യൂറോ അംഗം സോനുവിന്റെ സായുധ പ്രവർത്തനം താൽക്കാലികമായി അവസാനിപ്പിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നൽകിയെന്നാണ് കത്തിൽ വിശദമാക്കുന്നത്. രാജ്യത്തേയും ലോകത്തേയും സാഹചര്യങ്ങൾ മാറുന്ന പശ്ചാത്തലത്തിലാണ് ആയുധം ഉപേക്ഷിക്കാനുള്ള തീരുമാനമെന്നും കത്ത് വിശദമാക്കുന്നു. പാർട്ടിയെ സംരക്ഷിക്കാനുള്ള മികച്ച മാർഗമായി ആയുധം ഉപേക്ഷിക്കുന്നതിനെ കാണുന്നുവെന്നാണ് മാവോയിസ്റ്റ് നേതാവായ മാല്ലോജൂല വേണുഗോപാൽ റാവു എന്ന സോനുവിനെ ഉദ്ധരിച്ച് കത്തിൽ വിശദമാക്കുന്നത്.
കഴിഞ്ഞ ഒക്ടോബറിലാണ് സോനു മഹാരാഷ്ട്രയിൽ കീഴടങ്ങിയിരുന്നു. തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി നിരവധി മാവോയിസ്റ്റുകൾ കീഴടങ്ങിയതിന് പിന്നാലെയായിരുന്നു ഇത്. കഴിഞ്ഞ ആഴ്ച നക്സൽ നേതാവായ മാധവി ഹ്ദ്മ ആന്ധ്ര പ്രദേശിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. പലയിടങ്ങളിലായുള്ള മാവോയിസ്റ്റുകൾക്ക് കീഴടങ്ങൽ സന്ദേശമെത്തിച്ച് ബോധ്യപ്പെടുത്താനാണ് സമയം ആവശ്യപ്പെടുന്നതെന്നാണ് കത്ത് വിശദമാക്കുന്നത്. തീരുമാനത്തെ അംഗീകരിക്കുന്നതിന്റെ ഭാഗമായി ഡിസംബർ 2ന് പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി വാരം ആഘോഷിക്കില്ലെന്നും കത്ത് വിശദമാക്കുന്നു.