
പാറ്റ്ന: പൊലീസ് കസ്റ്റഡിയിലിരിക്കെ ദമ്പതികൾ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ പൊലീസ് സ്റ്റേഷൻ അഗ്നിക്കിരയാക്കി. ബീഹാറിലെ അരാരിയ ജില്ലയിലെ താരാബാരി ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് യുവാവിനേയും പ്രായപൂർത്തിയാകാത്ത ഭാര്യയേയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിന് പിന്നാലെ ഇരുവരേയും സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് മർദനത്തിലാണ് ഇരുവരും മരിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.
ഭാര്യയുടെ മരണത്തിന് ശേഷം ദിവസങ്ങൾക്കകം യുവാവ് 14 കാരിയായ ഭാര്യാസഹോദരിയെ വിവാഹം കഴിച്ചിരുന്നു. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചതോടെ വ്യാഴാഴ്ച ഉച്ചയോടെയാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് കസ്റ്റഡിയിലിരിക്കെ ഇരുവരും മരിച്ച വിവരമാണ് പുറത്തറിയുന്നത്. ഇതോടെയാണ് നാട്ടുകാർ പൊലീസ് സ്റ്റേഷന് തീയിട്ടത്. യുവാവും പെണ്‍കുട്ടിയും ലോക്കപ്പിൽ തൂങ്ങിമരിച്ചെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, സിസിടിവി ദൃശ്യങ്ങളിൽ, ഒരാൾ ലോക്കപ്പിനുള്ളിലേക്ക് കയറുന്നതും തുണി ഉപയോഗിച്ച് ജീവനൊടുക്കുന്നതും കാണാം. ഒരാൾക്ക് എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല.
ഇരുവരുടെയും മരണവാർത്ത പുറത്ത് വന്നതോടെ രോഷാകുലരായ ഗ്രാമവാസികൾ താരാബാരി പൊലീസ് സ്റ്റേഷൻ വളയുകയും പൊലീസുകാർക്ക് നേരെ കല്ലെറിയുകയുമായിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷൻ തകർക്കുകയും തീയിട്ടു നശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. അതേസമയം, പ്രതിഷേധം ശക്തമായതോടെ സദർ എസ്‌ഡിപിഒ രാംപുകർ സിംഗ് ഉൾപ്പെടെ നിരവധി പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. നിലവിൽ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. പൊലീസിൻ്റെ അനാസ്ഥ മൂലമാണ് ദമ്പതികൾ കസ്റ്റഡിയിൽ മരിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു. എന്നാൽ സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam