
മുംബൈ: നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ഓഫീസിലെ ജീവനക്കാരെ ലൈംഗികമായി പീഡിപ്പിച്ചതായും നിർബന്ധിത മതപരിവർത്തനം നടത്തിയതായും ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ അന്വേഷണം പുരോഗമിക്കുന്നു. പ്രധാന പ്രതി മറ്റ് പ്രതികളോട് ഹിന്ദു സ്ത്രീകളെ വിവാഹം കഴിക്കാൻ പറയാറുണ്ടായിരുന്നുവെന്ന് സാക്ഷി മാധ്യമങ്ങളോട് പറഞ്ഞു. ആറ് പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടെ ഏഴ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു വനിതാ ജീവനക്കാരി ഒളിവിലാണ്. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കി. ഇവർ രാജ്യം വിട്ടെന്നാണ് സൂചന. ഒമ്പത് പരാതികളാണ് പൊലീസ് അന്വേഷിക്കുന്നത്. ഹിന്ദു പെൺകുട്ടികളെ നിങ്ങളുടെ കാമുകിമാരാക്കി വിവാഹം കഴിക്കൂവെന്ന് പ്രതികൾ നിരന്തരം പറയാറുണ്ടെന്നും ഇതര മതക്കാരോട് മതം മാറാൻ പറയാറുണ്ടായിരുന്നുവെന്നും അവരുടെ മതത്തെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നുവെന്നും നാസിക് ഓഫീസിലെ കരാർ ജീവനക്കാരൻ എൻഡിടിവിയോട് പറഞ്ഞു.
അവർക്ക് പണം നൽകി. 2021 മുതൽ ഇത് തുടരുകയാണെന്നും എച്ച്ആർ മാഡത്തിനും സാമ്പത്തിക സഹായം നൽകിയെന്നും സാക്ഷി പറഞ്ഞു. എട്ട് വനിതാ ജീവനക്കാർ നൽകിയ പരാതികൾ അന്വേഷിക്കാൻ കഴിഞ്ഞ ആഴ്ച പോലീസ് ഒരു പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചു. തങ്ങളുടെ മുതിർന്ന സഹപ്രവർത്തകർ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചുവെന്ന് ചിലർ ആരോപണമുന്നയിച്ചു. എന്നാൽ കമ്പനിയിലെ എച്ച്ആർ വിഭാഗം പരാതികൾ അവഗണിച്ചു. 2022 ഫെബ്രുവരി മുതൽ 2026 മാർച്ച് വരെയാണ് ഈ സംഭവങ്ങൾ നടന്നത്. പ്രതികളിലൊരാൾ ഒരു ജീവനക്കാരിയെ വിവാഹം കഴിക്കാമെന്ന് വ്യാജ വാഗ്ദാനം നൽകി പലതവണ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതായി പൊലീസ് പറഞ്ഞു. പ്രതി പുരുഷ ജീവനക്കാരിൽ ഒരാളെ നമസ്‌കരിക്കാൻ നിർബന്ധിക്കുകയും അയാളുടെ മതത്തെ അപമാനിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പെൺകുട്ടികൾ പരാതിയുമായി കമ്പനിയുടെ വനിതാ എച്ച്ആർ മാനേജരെ സമീപിച്ചപ്പോൾ, പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായി പറയുന്നു. ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്തർ, റാസ മേമൻ, ഷാരൂഖ് ഖുറേഷി, ഷാഫി ഷെയ്ഖ്, ആസിഫ് അഫ്താബ് അൻസാരി, എച്ച്ആർ മാനേജർ നിദ ഖാൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരെ പിന്നീട് സസ്‌പെൻഡ് ചെയ്തു. ലേഡി ക്യാപ്റ്റൻ എന്ന് വിളിക്കപ്പെടുന്ന നിദ ഖാൻ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുകയും അവരെ നമസ്‌കരിക്കാനും ഹിജാബ് ധരിക്കാനും നിർബന്ധിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിക്കപ്പെടുന്നു. എന്നാൽ, പ്രതിയായ റാസ മേമന്റെ മാതാപിതാക്കൾ എല്ലാ ആരോപണങ്ങളും നിഷേധിച്ചു. മകൻ നിരപരാധിയാണെന്നും കള്ളക്കേസിൽ കുടുങ്ങുകയാണെന്നും അമ്മ പറഞ്ഞു. ലൈംഗിക പീഡനത്തോട് സഹിഷ്ണുതയില്ലാത്ത നയമാണ് ടിസിഎസ് സ്വീകരിക്കുന്നതെന്നും പൊലീസുമായി പൂർണമായും സഹകരിക്കുന്നുണ്ടെന്നും ടിസിഎസ് അറിയിച്ചു.
ലൈംഗിക പീഡന ആരോപണങ്ങൾ അങ്ങേയറ്റം ആശങ്കാജനകവും വേദനാജനകവുമാണെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു. വസ്തുതകൾ സ്ഥാപിക്കുന്നതിനും സാഹചര്യത്തിന് ഉത്തരവാദികളായ വ്യക്തികളെ തിരിച്ചറിയുന്നതിനുമായി ടിസിഎസിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആരതി സുബ്രഹ്മണ്യന്റെ കീഴിൽ സമഗ്രമായ അന്വേഷണം നടക്കുന്നുണ്ടെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam