ക്രിക്കറ്റ് മത്സരത്തിൻ്റെ തത്സമയ സംപ്രേഷണത്തിനിടെ കോണ്ടത്തിൻ്റെ പരസ്യം പ്രത്യക്ഷപ്പെട്ടതിൽ വിമർശനവുമായി കീർത്തി ആസാദ് എംപി. ഇക്കഴിഞ്ഞ ദിവസം ഇന്ത്യ - ഇംഗ്ലണ്ട് ട്വൻ്റി20 മത്സരത്തിനിടെ കോണ്ടം പരസ്യം സംപ്രേഷണം ചെയ്തതാണ് എംപിയെ പ്രകോപിപ്പിച്ചത്.
കൊൽക്കത്ത: ക്രിക്കറ്റ് മത്സരത്തിൻ്റെ തത്സമയത്തിനിടെ കോണ്ടം പരസ്യം സംപ്രേഷണം ചെയ്തതിൽ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എംപിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ കീർത്തി ആസാദ്. കുട്ടികളടക്കം മത്സരം കണ്ടുകൊണ്ടിരിക്കുമ്പോൾ മുതിർന്നവർക്കുള്ള പരസ്യം സ്ക്രീനിൽ വരുന്നത് നാണക്കേടല്ലേയെന്നാണ് കീർത്തി ആസാദിൻ്റെ ചോദ്യം. ശനിയാഴ്ച മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡ് വേദിയായ ഇന്ത്യ - ഇംഗ്ലണ്ട് ട്വൻ്റി20 മത്സരത്തിൻ്റെ തത്സമയ സംപ്രേഷണത്തിനിടെ കോണ്ടത്തിന്റെ പരസ്യം പ്രത്യക്ഷപ്പെട്ടതാണ് കീർത്തി ആസാദിനെ ചൊടിപ്പിച്ചത്.
"ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന ഇന്ത്യ - ഇംഗ്ലണ്ട് അന്താരാഷ്ട്ര ടി20 മത്സരം കുട്ടികൾ തത്സമയം കണ്ടുകൊണ്ടിരിക്കുകയാണ്. ഈ സമയത്ത് ഡ്യൂറെക്സിന്റെ ഒരു മുതിർന്നവർക്കുള്ള പരസ്യം സ്ക്രീനിൽ വരുന്നത് നാണക്കേടല്ലേ?"- കീർത്തി ആസാദ് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ ചോദിച്ചു. ബിസിസിഐയെ ടാഗ് ചെയ്താണ് കീർത്തി ആസാദ് പോസ്റ്റ് പങ്കുവെച്ചത്. പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ കമൻ്റുകളും പങ്കുവെച്ചിട്ടുണ്ട്.
വളരെ സത്യമാണെന്നും അത് കണ്ട് തനിക്ക് നാണക്കേട് തോന്നിയപ്പോൾ കളി കാണുന്നത് നിർത്തിയെന്ന് ഒരാൾ കമൻ്റ് ചെയ്തു. മുതിർന്ന ഒരാളായിട്ട് പോലും, മാതാപിതാക്കളുടെ കൂടെയിരുന്ന് ആ പരസ്യങ്ങൾ കണ്ടപ്പോൾ വലിയ അസ്വസ്ഥത ഉണ്ടായെന്നാണ് മറ്റൊരാളുടെ കമൻ്റ്. എന്നാൽ ജനസംഖ്യാ വിസ്ഫോടനം കണക്കിലെടുക്കുമ്പോൾ മറ്റ് എന്തിനേക്കാളും വളരെ പ്രധാനപ്പെട്ടതാണ് കോണ്ടം എന്നാണ് കീർത്തി ആസാദിൻ്റെ അഭിപ്രായത്തെ എതിർത്തുള്ള ഒരാളുടെ കമൻ്റ്. പോസ്റ്റ് ഇങ്ങനെ; "ജനസംഖ്യാ വിസ്ഫോടനം കണക്കിലെടുക്കുമ്പോൾ മറ്റ് എന്തിനേക്കാളും വളരെ പ്രധാനപ്പെട്ടതാണ് ഇത്. കുട്ടികളെ ബോധവൽക്കരിക്കുക. അവബോധം വളർത്താൻ ഏറ്റവും അനുയോജ്യമായ ഒരു വേദിയാണ് കളിസ്ഥലം".
ഇതിൽ നാണക്കേട് തോന്നാൻ എന്താണുള്ളതെന്ന് മറ്റൊരാളും ചോദിച്ചു. "ഇതിൽ എന്താണ് നാണക്കേട് തോന്നാൻ ഉള്ളത്. ഒരു കാരണം പറയൂ. യഥാർത്ഥത്തിൽ നിയന്ത്രണത്തെക്കുറിച്ചും സുരക്ഷിതത്വത്തെക്കുറിച്ചും പഠിപ്പിക്കാനുള്ള നല്ലൊരു മാർഗമാണിത്. ഇന്നത്തെ ലോകത്ത് കോണ്ടം വളരെ പ്രധാനപ്പെട്ടതാണ്. ആളുകളെ ഇതിനെക്കുറിച്ച് ബോധവാന്മാരാക്കേണ്ടതുണ്ട്"- അദ്ദേഹം പറഞ്ഞു.


