
ദില്ലി: ഉഷ്ണതരംഗത്തിൽ വെന്തുരുകുന്ന ഉത്തരേന്ത്യയിലേക്ക് മഴയെത്തുന്നതായി കാലാവസ്ഥാ പ്രവചനം. ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ നിന്നായി മഴയുടെ സൂചനയുമായി ന്യൂനമർദ്ദം രൂപം കൊള്ളുന്നുവെന്നാണ് കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്. ഏറ്റവും പുതിയ സാറ്റലൈറ്റ് ചിത്രങ്ങൾ ഇത് വ്യക്തമാക്കുന്നുണ്ട്. രാജ്യത്ത് ഏറെ നാളായി കാത്തിരിക്കുന്ന വേനൽമഴയ്ക്ക് വഴിതുറക്കുമെന്ന വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഇൻസാറ്റ് 3ഡിഎസ് കാലാവസ്ഥാ ഉപഗ്രഹം പകർത്തിയ തെർമൽ ഇൻഫ്രാറെഡ് ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, അതിനോട് ചേർന്നുള്ള വടക്കുപടിഞ്ഞാറൻ ഇന്ത്യ എന്നിവടങ്ങൾക്ക് മുകളിലായി വലിയൊരു മേഘക്കൂട്ടവും ചുഴലിക്കാറ്റ് രൂപത്തിലുള്ള അന്തരീക്ഷ വ്യതിയാനവും രൂപം കൊണ്ടിരിക്കുന്നത്. ഈ കാലാവസ്ഥാ പ്രതിഭാസം കിഴക്കോട്ട് ഹിമാലയൻ മേഖലയിലേക്കും വടക്കൻ സമതലങ്ങളിലേക്കും അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വടക്കുപടിഞ്ഞാറൻ-മധ്യ ഇന്ത്യ കടുത്ത ചൂടിന്റെ പിടിയിലാണ്. ദില്ലി, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ്, മധ്യപ്രദേശിന്റെ ചില ഭാഗങ്ങൾ എന്നിവടങ്ങളിൽ പകൽ താപനില 45 ഡിഗ്രി സെൽഷ്യസിനും മുകളിലാണ് രേഖപ്പെടുത്തിയത്. ഇതിലും അപകടകരമായ അവസ്ഥ രാത്രികാലങ്ങളിലാണ് നിലനിൽക്കുന്നത്.
രാത്രിയിലും അന്തരീക്ഷ താപനില ഒട്ടും കുറയാതെ ഉയർന്ന നിലയിൽ തന്നെ തുടരുന്നതുകൊണ്ട് സൂര്യാസ്തമയത്തിന് ശേഷവും ജനങ്ങൾക്ക് ചൂടിൽ നിന്ന് യാതൊരുവിധ ആശ്വാസവും ലഭിക്കുന്നില്ല. കടുത്ത ചൂടുള്ള രാത്രികൾ മനുഷ്യശരീരത്തിന് തണുക്കാനുള്ള സമയം നൽകാത്തതിനാൽ ആരോഗ്യത്തിന് അതീവ ഹാനികരമാണെന്ന് കാലാവസ്ഥാ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. പുതിയ ന്യൂനമർദ്ദത്തിന്റെ വരവോടെ അറേബ്യൻ കടലിൽ നിന്നും ബംഗാൾ ഉൾക്കടലിൽ നിന്നും വൻതോതിൽ ഈർപ്പമുള്ള വായു രാജ്യത്തേക്ക് പ്രവേശിക്കുന്നതായും ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നു. ഈ ഈർപ്പം വടക്കൻ മേഖലയിലെ ഉയർന്ന ചൂടുമായി സമ്പർക്കത്തിൽ വരുന്നതോടെ ശക്തമായ ഇടിമിന്നലിനും കാറ്റിനും പരക്കെ മഴയ്ക്കും കാരണമായേക്കും. നിലവിൽ ഏറ്റവും ശക്തമായ മേഘരൂപീകരണം വടക്കൻ പാകിസ്ഥാനിലും ജമ്മു കശ്മീരിലുമാണ് ദൃശ്യമാകുന്നത്. വടക്കുകിഴക്കൻ ഇന്ത്യയിലും പ്രീ മൺസൂൺ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള അന്തരീക്ഷം സജീവമായിട്ടുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ അനുസരിച്ച് അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ഡൽഹി, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവടങ്ങളിൽ നല്ല രീതിയിൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ മഴയുടെ കൃത്യമായ തീവ്രത എത്രത്തോളമായിരിക്കുമെന്ന് ഇപ്പോഴും ഉറപ്പില്ല. ഇതിനൊപ്പം ചിലയിടങ്ങളിൽ ശക്തമായ പൊടിക്കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. ഈ മഴ വടക്കേ ഇന്ത്യയിലെ കടുത്ത ഉഷ്ണതരംഗത്തെ പൂർണ്ണമായും ഇല്ലാതാക്കില്ലെങ്കിലും, വായു തണുപ്പിക്കുന്നതിലൂടെ അന്തരീക്ഷ താപനിലയിൽ ഗണ്യമായ കുറവുണ്ടാക്കാൻ സഹായിക്കും. പ്രത്യേകിച്ചും ജനങ്ങളെ വലയ്ക്കുന്ന കടുത്ത രാത്രികാല താപനില കുറയ്ക്കാൻ ഇത് കാരണമാകും. ഇതിനുപുറമേ, അറേബ്യൻ കടലിലും തെക്കൻ ബംഗാൾ ഉൾക്കടലിലും കാലവർഷത്തിന് മുന്നോടിയായുള്ള അന്തരീക്ഷ അനുകൂല സാഹചര്യങ്ങൾ ഒരുങ്ങി വരുന്നതായും സാറ്റലൈറ്റ് ചിത്രങ്ങൾ നൽകുന്ന സൂചന.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam