തമിഴ്നാട്ടിലും ഇനി എഐ വകുപ്പ്, 59 വർഷത്തിന് ശേഷം കോൺ​ഗ്രസിന് മന്ത്രിമാ‍ർ; വിജയ് മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം 32 ആയി

Published : May 21, 2026, 02:19 PM IST
TVK Government New Ministers

Synopsis

തമിഴ്നാട്ടിൽ 23 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 21 ടിവികെ എംഎൽഎമാരും രണ്ട് കോൺ​ഗ്രസ് എംഎൽഎമാരുമാണ് അധികാരമേറ്റത്. ഇതോടെ ടിവികെ മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം 32 ആയി. 

ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ മന്ത്രിസഭ വിപുലീകരിച്ച് മുഖ്യമന്ത്രി വിജയ്. 23 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തു. 21 ടിവികെ എംഎൽഎമാരും രണ്ട് കോൺ​ഗ്രസ് എംഎൽഎമാരുമാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 59 വ‍ർഷങ്ങൾക്ക് ശേഷമാണ് കോൺ​ഗ്രസ് അം​ഗങ്ങൾ തമിഴ്നാട് മന്ത്രിസഭയിൽ ഉൾപ്പെടുന്നത്. പുതിയ മന്ത്രിമാർ അധികാരമേറ്റതോടെ വിജയ് മന്ത്രിസഭയിലെ അം​ഗസംഖ്യ 32 ആയി ഉയർന്നു. ആദ്യഘട്ടത്തിൽ മുഖ്യമന്ത്രി വിജയ്‍യും ഒൻപത് മന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നത്.

എഐസിസി അധ്യക്ഷൻ മല്ലികാ‍ർജുന ഖാ‍​ർ​ഗെയുടെ അം​ഗീകാരത്തോടെ, കോൺ​ഗ്രസ് എംഎൽഎമാരായ രാജേഷ് കുമാർ, പി വിശ്വനാഥൻ എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ടിവികെ എംഎൽഎമാരായ തമിഴ് പാ‍ർഥിപൻ, ജെ മുഹമ്മദ് ഫ‍ർവാസ്, വി സമ്പത്ത് കുമാർ, വി സത്യഭാമ, മാരി വിൽസൺ തുടങ്ങിയവരാണ് പുതിയതായി അധികാരമേറ്റ മറ്റ് മന്ത്രിമാ‌ർ.

 

 

അതേസമയം അടുത്ത ദിവസങ്ങളിൽ വിസികെ, മുസ്ലീം ലീ​ഗ് എംഎൽഎമാ‍ർ കൂടി മന്ത്രിസഭയുടെ ഭാ​ഗമായേക്കും. ഇരുപാർട്ടികളെയും ടിവികെ മന്ത്രിസഭയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇരു പാ‍ർട്ടികൾക്കും ഓരോ സീറ്റ് വീതം ലഭിക്കുമെന്നാണ് സൂചന. വിസികെ അധ്യക്ഷൻ തോൽ തിരുമാവളവൻ മന്ത്രിസഭയിലേക്ക് ഉണ്ടാകില്ലെന്ന റിപ്പോ‍‌ർട്ടുകളുണ്ട്. നേരത്തെ, വിജയ് ഒഴിഞ്ഞ തൃച്ചി ഈസ്റ്റ് സീറ്റിൽ തോൽ തിരുമാവളവൻ മത്സരിച്ചേക്കുമെന്ന അഭ്യൂ​ഹങ്ങൾ ഉയർന്നിരുന്നു.

വിസികെയുടെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായ തിണ്ടിവനം എംഎൽഎ വന്നി അരസ് മന്ത്രിസഭയിലേക്ക് എത്തിയേക്കുമെന്നാണ് സൂചന. ആര് മന്ത്രിയാകണമെന്നത് സംബന്ധിച്ചു തീരുമാനിക്കാനായി മുസ്ലീം ലീ​ഗ് ദേശീയ അധ്യക്ഷൻ കെ എം ഖാദ‍ർ മൊയ്തീൻ ചെന്നൈയിൽ അടിയന്തര യോ​ഗം വിളിച്ചിട്ടുണ്ട്. തമിഴ്നാട് മന്ത്രിസഭയിലെ പരമാവധി അം​ഗസഖ്യ 35 ആണ്.

അതേസമയം അണ്ണാ ‍ഡിഎംകെയുടെ വിമത എംഎൽഎമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമോ എന്ന കാര്യത്തിൽ ടിവികെ വ്യക്തമാക്കിയിട്ടില്ല. വിമത എംഎൽഎമാരെ ഉൾപ്പെടുത്തരുതെന്ന് ചൂണ്ടിക്കാട്ടി കോൺ​ഗ്രസും സിപിഎമ്മും വിസികെയും രം​ഗത്തെത്തിയിരുന്നു. അതിനിടെ, മെയ് 10ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രി കെ എ സെങ്കോട്ടയ്യൻ്റെ വകുപ്പിൽ മാറ്റം. സെങ്കോട്ടയ്യനെ ധനവകുപ്പിൽനിന്ന് റവന്യൂ ദുരന്തനിവാരണ വകുപ്പിലേക്കാണ് മാറ്റിയത്. പുതിയതായി അധികാരമേറ്റ മാരി വിൽസന് ധനവകുപ്പ് ലഭിച്ചു. കേരളത്തിന് പിന്നാലെ തമിഴ്നാട് സർക്കാരും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനായി (എഐ) പുതിയ വകുപ്പ് ആരംഭിച്ചു. മന്ത്രി ആർ കുമാർ എഐ, ഐടി, ഡിജിറ്റൽ വകുപ്പുകൾ കൈകാര്യം ചെയ്യും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്; 2027ലെ പരീക്ഷ കലണ്ടർ പുറത്തിറക്കി യുപിഎസ്‍സി; സിവിൽ സർവീസസ്, എൻഡിഎ പരീക്ഷകൾ ഈ ദിവസങ്ങളിൽ
ഒഴിവ് വരുന്നത് 22 സീറ്റുകളിൽ, രാജ്യസഭ തെരഞ്ഞെടുപ്പിൻ്റെ തയ്യാറെടുപ്പിലേക്ക് പാർട്ടികൾ