
പട്ന: ബിഹാറിൽ മസ്തിഷ്കജ്വരം മൂലം 149 കുട്ടികൾ മരിച്ചതിന് കാരണം ആസ്ബസ്റ്റോസ് ഷീറ്റുകളുമാവാമെന്ന് എയിംസിൽ നിന്നുള്ള വിദഗ്ധ സംഘം. മരിച്ച കുട്ടികളുടെ വീട് സന്ദർശിച്ച് സ്വതന്ത്ര പഠനം നടത്തിയ എയിംസ് ഡോക്ടമാരുടെ സംഘത്തിന്‍റേതാണ് ഈ കണ്ടെത്തൽ.
കടുത്ത ചൂടും പോഷകാഹാരക്കുറവുമാണ് ബിഹാറിൽ കുട്ടികളുടെ ജീവനെടുത്തതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പുറത്തുവിട്ട പഠന റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതിൽ ചൂടു തന്നെ ഏറ്റവും പ്രധാന കാരണമെന്നാണ് എയിംസ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് പറയുന്നത്. മരിച്ച കൂട്ടികളിൽ ഭൂരിഭാഗം പേരും ആസ്ബറ്റോസ് ഷീറ്റുകളുള്ള വീടുകളിൽ താമസിച്ചവരായിരുന്നു. ആസ്ബസ്റ്റോസ് ഷീറ്റ് പാകിയ വീടുകളിൽ രാത്രിയിലും ചൂട് കുറയില്ല. കുട്ടികളിൽ അർധരാത്രി മുതൽ പുലർച്ച വരെയാണ് രോഗലക്ഷണങ്ങൾ ഉണ്ടായത്.
വാഹന സൗകര്യങ്ങൾ ഇല്ലാത്തതുകൊണ്ട് കൃത്യസമയത്ത് കുട്ടികളെ ആശുപത്രിയിൽ എത്തിക്കാനും സാധിച്ചില്ല. മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച പല കുട്ടികളുടെയും കുടുംബങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ യാതൊരു ക്ഷേമ പദ്ധതികളും എത്തിയിട്ടില്ലെന്നും സംഘം കണ്ടെത്തി. കഴിഞ്ഞ മാർച്ച് മുതൽ ഈ വിടുകളിലുള്ളവർക്ക് കൃത്യമായി റേഷനോ ഒആർഎസ് പാക്കറ്റുകളോ ലഭിച്ചിട്ടില്ല.
രോഗബാധ വ്യാപകമായി റിപ്പോർട്ട് ചെയ്ത ഇടങ്ങളിലെ കുട്ടികളാരും ജപ്പാൻ ജ്വരത്തിന്റെ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടില്ല. കുട്ടികളുടെ മരണകാരണം ലിച്ചിപ്പഴങ്ങൾ അല്ലെന്ന ഐ.എം.എ റിപ്പോർട്ട് എയിംസ് സംഘവും ശരിവയ്ക്കുന്നു. ശുദ്ധമായ കുടിവെള്ളമില്ലാത്ത, ശുചിത്വമില്ലാത്ത സാഹചര്യങ്ങളും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിക്കുന്നു. എയിംസ് സംഘത്തിന്റെ റിപ്പോര്‍ട്ട് ബിഹാര്‍ സര്‍ക്കാരിന് കൈമാറി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam