നീറ്റ് പരീക്ഷാ തട്ടിപ്പ്: കേരളത്തിലെ എൻട്രൻസ് പരിശീലന കേന്ദ്രങ്ങളും സംശയത്തിന്റെ നിഴലിൽ

By Web TeamFirst Published Oct 4, 2019, 1:30 PM IST
Highlights

ചെന്നൈ സ്വദേശികള്‍ക്കായി ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയ മലയാളികളായ രണ്ട് സീനിയര്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. 

ചെന്നൈ: നീറ്റ് പരീക്ഷാ തട്ടിപ്പില്‍ കേരളത്തിൽ എൻട്രൻസ് പരിശീലന കേന്ദ്രങ്ങളുള്ള ബംഗ്ലൂരു ആസ്ഥാനമായ റാക്കറ്റിന് പങ്കുണ്ടെന്നതിന്‍റെ സൂചന തമിഴ്നാട് ക്രൈംബ്രാഞ്ചിന് ലഭിച്ചു. ആള്‍മാറാട്ടം നടത്തിയവര്‍ സമാന ഹാള്‍ടിക്കറ്റുമായി ഒരേസമയം രണ്ട് ഇടങ്ങളില്‍ പരീക്ഷ എഴുതിയതായാണ് വിവരം.

ചെന്നൈ സ്വദേശികള്‍ക്കായി ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയ മലയാളികളായ രണ്ട് സീനിയര്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. കേരളത്തിലെ പരിശീലന കേന്ദ്ര നടത്തിപ്പുകാരാണ് ഇടനിലക്കാരുമായി ബന്ധപ്പെടുത്തിയതെന്നാണ് ഇവരുടെ മൊഴി. വന്‍ തുക വാഗ്ദാനം ചെയ്താണ് സമീപിച്ചത്. ഹാള്‍ടിക്കറ്റിലെ പേരില്‍ ചെറിയ മാറ്റം വരുത്തിയാണ് ഒരേ സമയം രണ്ട് കേന്ദ്രങ്ങളില്‍ ഇവർ പരീക്ഷ എഴുതിയത്.

ഉദിത് സൂര്യ എന്ന വിദ്യാര്‍ത്ഥി ചെന്നൈയിലും പകരക്കാരനായി പരീക്ഷ എഴുതിയ മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥി ലക്നൗവിലും ഒരേ സമയം പരീക്ഷ എഴുതി. ധര്‍മ്മപുരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയ ഇര്‍ഫാന്‍ ചെന്നൈയിലും, ആള്‍മാറാട്ടം നടത്തിയ മലയാളി വിദ്യാര്‍ത്ഥി ദില്ലിയിലുമാണ് പരീക്ഷ എഴുതിയത്. സമാന പേരും വിലാസവും നല്‍കി രണ്ട് സംസ്ഥാനങ്ങളില്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. 

Read More: നീറ്റ് പരീക്ഷാ തട്ടിപ്പ്; മലയാളി ഇടനിലക്കാര്‍ക്കായി പരിശോധന തുടരുന്നു

ഒരേ സ്വഭാവുമുള്ള ഹാള്‍ ടിക്കറ്റുകളുടെ വിശദാംശങ്ങള്‍ നാഷണൽ ടെസ്റ്റിങ് ഏജന്‍സിയോട് ക്രൈംബ്രാഞ്ച് തേടി. ബംഗ്ലൂരു ആസ്ഥാനമായ കേരളത്തില്‍ വേരുകളുള്ള റാക്കറ്റാണ് തട്ടിപ്പിലെ മുഖ്യകണ്ണികളെന്നാണ് പൊലീസ് നിഗമനം. കേരളത്തിലെ ഒന്നാം വര്‍ഷ എംബിബിഎസ് പ്രവേശന നടപടികള്‍ പരിശോധിക്കാനും ആന്വേഷണ സംഘം നീക്കം തുടങ്ങി. 

അതേസമയം, മുംബൈയിലെ മുഖ്യസൂത്രധാരനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മലയാളി ഇടനിലക്കാരന്‍ റഷീദിനായി ഉത്തര്‍പ്രദേശിലേക്ക് തെരച്ചില്‍ വ്യാപിപ്പിച്ചു. മറ്റൊരു മലയാളി ഇടനിലക്കാരന്‍ റാഫിക്കിനായി ബംഗ്ലൂരുവില്‍ അന്വേഷണം തുടരുകയാണ്. ഇയാള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കി കൊടുത്ത സുഹൃത്തിനെ ചോദ്യം ചെയ്ത് വരികയാണ്.
 

click me!