ചെന്നൈ: നീറ്റ് പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് മലയാളി ഇടനിലക്കാര്‍ക്കായി ബംഗ്ലൂരു, മുംബൈ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് തമിഴ്നാട് ക്രൈംബ്രാഞ്ചിന്‍റെ പരിശോധന തുടരുന്നു. ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയവരിൽ രണ്ട് മലയാളി വിദ്യാർത്ഥികളുമുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. 

കേസുമായി ബന്ധപ്പെട്ട് സീനിയറായ രണ്ട് മലയാളി മെഡിക്കൽ വിദ്യാർത്ഥികളെ ബംഗ്ലൂരുവിൽ നിന്ന് തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. മുംബൈയിലെ മുഖ്യ സൂത്രധാരനുമായി ബന്ധം പുലർത്തിയിരുന്ന മലയാളി ഇടനിലക്കാരൻ റഷീദിനായി തിരച്ചിൽ ഉത്തരേന്ത്യയിലേക്കും വ്യാപിപ്പിച്ചു. മറ്റൊരു ഇടനിലക്കാരൻ റാഫിക്ക് ബംഗ്ലൂരുവിൽ താമസസൗകര്യം ഒരുക്കിയ കർണാടക സ്വദേശിയെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. കേസിൽ 13 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. 

ആൾമാറാട്ടം നടത്തി നീറ്റ് പരീക്ഷ എഴുതി കോളേജുകളിൽ വിദ്യാർത്ഥികൾ പ്രവേശനം നേടിയ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ. ഇന്നലെ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനന്തര ബന്ധമുള്ള റാക്കറ്റിൽ സിബിസിഐഡി അന്വേഷണത്തിന് പരിമിതി ഉണ്ടെന്നും, സിബിഐ അന്വേഷണത്തിന് ഉത്തരവിടാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടിരുന്നു.