പ്രതിഷേധക്കാരെ ജയിലിലടച്ചതിന് ആദിത്യനാഥ് സർക്കാർ‌ പൊതുജനങ്ങളോട് മാപ്പ് പറയണമെന്ന് മായാവതി

By Web TeamFirst Published Jan 6, 2020, 11:00 AM IST
Highlights

കൃത്യമായ അന്വേഷണം നടത്താതെയാണ് ഈ നടപടിയെന്നും മായാവതി കുറ്റപ്പെടുത്തി. 'അപലപനീയ'മെന്നും 'വളരെയധികം ലജ്ജാകരം' എന്നുമാണ് മായാവതി യോ​ഗി സർക്കാരിന്റെ ഈ നടപടിയെ വിശേഷിപ്പിച്ചത്. 
 

ദില്ലി: പൗരത്വ നിയമ ഭേദ​ഗതിയ്ക്കെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പ്രതിഷേധിച്ച് തെരുവിലിറങ്ങിയ സമരക്കാരെ ജയിലിലടച്ചതിന്റെ പേരിൽ‌ ഉത്തര്‍പ്രദേശിലെ യോ​ഗി ആദിത്യനാഥ് സർക്കാർ പൊതുജനങ്ങളോട് മാപ്പ് പറയണമെന്ന് ബിഎസ്പി നേതാവ് മായാവതി. കൃത്യമായ അന്വേഷണം നടത്താതെയാണ് ഈ നടപടിയെന്നും മായാവതി കുറ്റപ്പെടുത്തി. 'അപലപനീയ'മെന്നും 'അങ്ങേയറ്റം ലജ്ജാകരം' എന്നുമാണ് മായാവതി യോ​ഗി സർക്കാരിന്റെ ഈ നടപടിയെ വിശേഷിപ്പിച്ചത്. 

''ഉത്തർപ്രദേശിൽ, പ്രത്യേകിച്ച് ബിജ്നോർ, സംഭാൽ, മീററ്റ്, മുസാഫിർ​ന​ഗർ, ഫിറോസാബാദ് തുടങ്ങി അനേകം ജില്ലകളിൽ പൗരത്വ നിയമ ഭേദ​ഗതിക്കും ദേശീയപൗരത്വ രജിസ്റ്ററിനും എതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ നിരപരാധികളായ ധാരാളം വ്യക്തികളെ യാതൊരു അന്വേഷണവും ഇല്ലാതെ ജയിലിലാക്കിയിരിക്കുകയാണ്. ഈ സംഭവത്തെ വളരെ ​ഗൗരവത്തോടെ മാധ്യമങ്ങൾ സമീപിക്കണം. അങ്ങേയറ്റം ലജ്ജാകരവും അപലപനീയവുമാണ് ഈ  നടപടി.'' മായാവതി ട്വീറ്റ് ചെയ്തു.

പൊതുജനങ്ങളോട് യോ​ഗി സർക്കാർ മാപ്പ് പറയണമെന്നും പ്രതിഷേധത്തിനിടയിൽ‌ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും മായാവതി ആവശ്യപ്പെട്ടു. എത്രയും പെട്ടെന്ന് അവരെ തടങ്കലിൽ നിന്നും മോചിപ്പിക്കേണ്ടതാവശ്യമാണ്. അവർക്ക് നീതിയുക്തമായ സാമ്പത്തിക പിന്തുണ നൽകണമെന്നും മായാവതി കൂട്ടിച്ചേർത്തു. 1200 ആളുകളാണ് ഉത്തർപ്രദേശില്‍ ദേശീയ പൌരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായത്. 5558 പേരെയാണ് കരുതൽ തടങ്കലിൽ സൂക്ഷിച്ചിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. 


 

click me!