മോദി ജനിച്ചത് താഴ്ന്ന ജാതിക്കാരനായല്ല; ജാതീയതയുടെ വേദന അനുഭവിച്ചിട്ടുമില്ല- മായാവതി

By Web TeamFirst Published May 10, 2019, 2:32 PM IST
Highlights

തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുമെന്ന് ഉറപ്പായതോടെ നിരാശനായ മോദി അടിസ്ഥാന രഹിതമായ കാര്യങ്ങൾ പറയുകയാണ്. ഒരിക്കല്‍ കൂടി പ്രധാനമന്ത്രിയാകാനുള്ള മോദിയുടെ മോഹം യാഥാർത്ഥ്യമാകില്ലെന്നും മായാവതി പറഞ്ഞു.

ദില്ലി: എസ്പി-ബിഎസ്പി സഖ്യം ജാതീയതയിലധിഷ്ഠിതമാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന അപക്വമായതും പരിഹാസവുമാണെന്ന് ബിഎസ്പി അധ്യക്ഷ മയാവതി. നരേന്ദ്രമോദി ജനിച്ചത് താഴ്ന്ന ജാതിക്കാരനായിട്ടല്ലെന്നും അതുകൊണ്ട് തന്നെ ജാതീയതയുടെ വേദന അനുഭവിച്ചിട്ടില്ലെന്നും മയാവതി പറഞ്ഞു.

തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുമെന്ന് ഉറപ്പായതോടെ നിരാശനായ മോദി അടിസ്ഥാന രഹിതമായ കാര്യങ്ങൾ പറയുകയാണ്. ഒരിക്കല്‍ കൂടി പ്രധാനമന്ത്രിയാകാനുള്ള മോദിയുടെ മോഹം യാഥാർത്ഥ്യമാകില്ലെന്നും മായാവതി പറഞ്ഞു. ആർഎസ്​എസ്​ കല്ല്യാൺ സിങ്ങിനോട്​ എന്താണ്​ ചെയ്​തതെന്ന്​ എല്ലാവർക്കുമറിയാം. നരേന്ദ്രമോദി താഴ്​ന്ന ജാതിക്കാരനാണെങ്കിൽ അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കാൻ ആർഎസ്​എസ്​ അനുവദിക്കുമായിരുന്നോയെന്നും മായാവതി ചോദിച്ചു. 

എസ്പി-ബിഎസ്പി സഖ്യത്തെ കുറിച്ച് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് മുമ്പ് മോദി ഗുജറാത്തിലേക്ക് നോക്കണമെന്നും അവിടുത്തെ ദളിതരുടെ അവസ്ഥ എന്താണെന്ന് മനസിലാക്കണമെന്നും മായാവതി കൂട്ടിച്ചേർത്തു. തങ്ങളുടെ വിവാഹത്തിന് കുതിരപ്പുറത്ത് കയറാനുള്ള അനുവാദം പോലും ​ഗുജറാത്തിലെ ദളിതുകള്‍ക്കില്ല. അവര്‍ എപ്പോഴും അക്രമിക്കപ്പെടുകയാണെന്നും മായാവതി പറഞ്ഞു.
 

click me!