ദളിത് യുവാവ് വിവാഹത്തിന് കുതിരപ്പുറത്ത് എത്തി; സമുദായത്തിന് ഊരുവിലക്ക്, പരാതി

By Web TeamFirst Published May 10, 2019, 12:25 PM IST
Highlights

നാട്ടുകൂട്ടത്തില്‍ പങ്കെടുത്ത മേല്‍ജാതിക്കാരില്‍ ചിലര്‍ ദളിത് വിഭാഗക്കാരുടേത് അതിരുകടന്ന പ്രവൃത്തിയാണെന്ന് ആരോപിച്ചു.

ഗാന്ധിനഗര്‍: ദളിത് വിഭാഗത്തില്‍പ്പെട്ട വരന്‍ വിവാഹത്തിന് കുതിരപ്പുറത്ത് എത്തിയതിന്‍റെ പേരില്‍ സമുദായത്തിന് മേല്‍ജാതിക്കാരുടെ  ഊരുവിലക്ക്. ഗുജറാത്തിലെ മെഹ്‍സാന ജില്ലയിലാണ് വിവാഹ ചടങ്ങിന് കുതിരപ്പുറത്ത് എത്തിയ ദളിത് യുവാവിനും സമുദായത്തിനും മേല്‍ജാതിക്കാര്‍ വിലക്ക് കല്‍പ്പിച്ചത്. യുവാവിന്‍റെ  പിതാവിന്‍റെ പരാതിയില്‍ ഗ്രാമമുഖ്യനുള്‍പ്പെടെ മേല്‍ജാതിയില്‍പ്പെട്ട കുറ്റക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 

മെയ് ഏഴിന് നടന്ന വിവാഹച്ചടങ്ങില്‍ വരന്‍ കുതിരപ്പുറത്ത് എത്തിയത് ചടങ്ങില്‍ പങ്കെടുത്ത മേല്‍ജാതിക്കാരെ ചൊടിപ്പിച്ചിരുന്നു. ഇവരുടെ പരാതിയെ തുടര്‍ന്ന് ഗ്രാമത്തിലെ ദളിത് വിഭാഗം ഒഴികെ ബാക്കിയുള്ളവര്‍ ഒത്തുചേരാന്‍ ഗ്രാമമുഖ്യന്‍ അറിയിപ്പ് നല്‍കി. നാട്ടുകൂട്ടത്തില്‍ പങ്കെടുത്ത മേല്‍ജാതിക്കാരില്‍ ചിലര്‍ ദളിത് വിഭാഗക്കാരുടേത് അതിരുകടന്ന പ്രവൃത്തിയാണെന്ന് ആരോപിച്ചു. ഇതേ തുടര്‍ന്ന് ദളിത് വിഭാഗത്തിന് ഒന്നടങ്കം ഊരുവിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. വിലക്കിന്‍റെ ഭാഗമായി ഗ്രാമത്തിലുള്ളവര്‍ ഇവര്‍ക്ക് ഭക്ഷണമോ ജോലിയോ നല്‍കരുതെന്നും പൊതുവാഹനങ്ങളില്‍ ഇരിക്കാന്‍ സീറ്റ് നല്‍കരുതെന്നും ഗ്രാമ പ്രമുഖര്‍ ഉത്തരവിട്ടു. ഇതിന് ശേഷം കടയില്‍ സാധനം വാങ്ങാന്‍ പോയ ദളിത് വിഭാഗത്തില്‍പ്പെട്ട യുവതിയെ കടയുടമ പറഞ്ഞയച്ചെന്നും പരാതിയില്‍ പറയുന്നു. 

കുറ്റക്കാര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.  

click me!