'ഫാ. സ്റ്റാൻ സ്വാമി ചെയ്തത് ഗുരുതര കുറ്റങ്ങൾ', ന്യായീകരിച്ച് വിദേശ കാര്യമന്ത്രാലയം

By Web TeamFirst Published Jul 7, 2021, 7:29 AM IST
Highlights

പൗരന്മാരുടെ മനുഷ്യാവകാശം സംരക്ഷിക്കുന്നതിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി. അന്താരാഷ്ട്ര തലത്തിൽ സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെത്തുടർന്ന് കസ്റ്റഡിയിലിരിക്കെയുണ്ടായ മരണത്തിൽ പ്രതിഷേധം ശക്തമാവുന്ന സാഹചര്യത്തിലാണ് പ്രസ്താവന. 

ദില്ലി: സ്റ്റാൻ സ്വാമിയുടെ അറസ്റ്റും തുടർ നടപടികളും നിയമപ്രകാരമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രസ്താവന. സ്റ്റാൻ സ്വാമി ചെയ്ത കുറ്റം ഗുരുതര സ്വഭാവമുള്ളതാണെന്നാണ് വിദേശകാര്യമന്ത്രാലയം പറയുന്നത്. ജാമ്യാപേക്ഷ കോടതി തള്ളിയത് തന്നെ ഇതിന് തെളിവാണെന്നും വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. പൗരന്മാരുടെ മനുഷ്യാവകാശം സംരക്ഷിക്കുന്നതിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി. അന്താരാഷ്ട്ര തലത്തിൽ സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെത്തുടർന്ന് കസ്റ്റഡിയിലിരിക്കെയുണ്ടായ മരണത്തിൽ പ്രതിഷേധം ശക്തമാവുന്ന സാഹചര്യത്തിലാണ് പ്രസ്താവന. 

സ്വാമിയുടെ മരണത്തിൽ യുഎൻ മനുഷ്യാവകാശ ഘടകമടക്കം (UN Human Rights Watch)നടുക്കം രേഖപ്പെടുത്തിയിരുന്നു. 

എന്നാൽ ഫാദർ സ്വാമിയുടെ അറസ്റ്റ് നിയമപ്രകാരം മാത്രമായിരുന്നുവെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കുന്നു. ''ദേശീയ അന്വേഷണ ഏജൻസി നിയമപ്രകാരം എല്ലാ നടപടിക്രമങ്ങളും അനുസരിച്ച് മാത്രമാണ് ഫാദർ സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തത്. ഗുരുതര സ്വഭാവമുള്ള കുറ്റങ്ങൾ ചെയ്തതുകൊണ്ടാണ് കോടതികൾ ഫാദർ സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ നിരസിച്ചത്. നിയമലംഘനങ്ങൾക്കെതിരെ പ്രതികരിക്കുന്ന ഇന്ത്യയുടെ ഭരണകൂടം, അവകാശങ്ങൾ ഹനിക്കാറില്ല. എല്ലാ നടപടികളും നിയമപ്രകാരം മാത്രമായിരുന്നു'', എന്നും അരിന്ദം ബാഗ്ചി. 

അന്തരിക്കുമ്പോൾ സ്റ്റാൻ സ്വാമി ഒരു സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നും വിദേശകാര്യമന്ത്രാലയം പറയുന്നു. ''രാജ്യത്തെ ജനാധിപത്യം സുശക്തവും സ്വതന്ത്രവുമായ ജുഡീഷ്യറിക്കൊപ്പം ശക്തമായി നിലകൊള്ളുന്നു. മനുഷ്യാവകാശ ലംഘനങ്ങൾ പരിശോധിക്കാൻ ഇവിടെ കമ്മീഷനുകളുണ്ട്. എല്ലാ പൗരൻമാർക്കും മനുഷ്യാവകാശം ഉറപ്പാക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്'', എന്നാണ് വിദേശകാര്യമന്ത്രാലയത്തിന്‍റെ പ്രസ്താവനയിൽ പറയുന്നത്. 

കഴിഞ്ഞ വർഷം റാഞ്ചിയിൽ വച്ച് ഒക്ടോബർ എട്ടിനാണ് മനുഷ്യാവകാശ പ്രവർത്തകനായ ഫാദർ സ്റ്റാൻ സ്വാമിയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ആദിവാസികൾക്കും ദളിതർക്കുമിടയിൽ സജീവമായി പ്രവർത്തിച്ചുവന്നിരുന്ന സ്റ്റാൻ സ്വാമിയെ ഭീമ കൊറേഗാവ് കലാപത്തിൽ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്. അന്ന് മുതൽ മുംബൈയിലെ തലോജ സെൻട്രൽ ജയിലിലായിരുന്നു സ്റ്റാൻ സ്വാമി. ഇവിടെ വച്ചാണ് സ്റ്റാൻ സ്വാമിയുടെ നില വഷളായതും ആശുപത്രിയിലെത്തിച്ച് ഒരു മാസത്തിനകം മരണം സംഭവിച്ചതും. ജയിലിൽ കഴിയവേ അദ്ദേഹത്തിന്‍റെ ആരോഗ്യനില മോശമായതിനെത്തുടർന്ന് ബോംബെ ഹൈക്കോടതി ഇടപെട്ടാണ് സ്റ്റാൻ സ്വാമിക്ക് ചികിത്സ ഉറപ്പാക്കിയത്. 

click me!