
ദില്ലി:
തുര്‍ക്കിക്കെതിരായ നിലപാട് കടുപ്പിച്ച് ഇന്ത്യ. തുര്‍ക്കിയുടെ ഇന്ത്യയിലെ പുതിയ സ്ഥാനപതിക്ക് രാഷ്ട്രപതി അംഗീകാരം നൽകുന്നത് മാറ്റി വച്ചു. തുർക്കിയിലേക്കുള്ള യാത്രാ പിന്മാറ്റത്തിന് പിന്നാലെ തുർക്കിയുടെ ഉത്പന്നങ്ങൾ ബഹിഷ്ക്കരിക്കണം എന്ന ആവശ്യവും ജനങ്ങൾക്കിടയിൽ ശക്തമാകുകയാണ്. അതേസമയം പാകിസ്ഥാനോട് തെറ്റി നിൽക്കുന്ന താലിബാന്‍ ഭരണകൂടവുമായി സഹകരണം ശക്തമാക്കാനുള്ള ശ്രമം ഇന്ത്യ ശക്തമാക്കിയിട്ടുണ്ട്.
ഇന്ത്യ-പാക് സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്രസർക്കാരിൻറെ നയം മാറ്റം വ്യക്തമാക്കുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍. ഇന്ത്യയിലെ തുര്‍ക്കി സ്ഥാനപതിയായി അലി മുറാത് എര്‍സോയിയെ അംഗീകരിക്കുന്ന ചടങ്ങ് രാഷ്ട്രപതി ഭവനില്‍ ഇന്ന് നടത്താനായിരുന്നു നിശ്ചയിച്ചത്. എന്നാല്‍ അവസാന നിമിഷം ചടങ്ങ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നീട്ടിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിക്കുകയായിരുന്നു. പത്ത് ദിവസം മുന്‍പ് നിശ്ചയിച്ച ക്രഡന്‍ഷ്യല്‍ ചടങ്ങ് റദ്ദാക്കിയത് തുര്‍ക്കിയുടെ പാക് അനുകൂല നിലപാടിന്‍റെ പശ്ചാത്തലത്തില്‍ തന്നെയെന്നാണ് സൂചന. തുർക്കി പ്രസിഡൻറ് എർദോഗൻ പാകിസ്ഥാനെ പരസ്യമായി പിന്തുണയ്ക്കുകയും ആയുധങ്ങൾ എത്തിച്ചു നൽകുകയും ചെയ്തതിൽ കടുത്ത അതൃപ്തിയാണ് ഇന്ത്യ പ്രകടമാക്കുന്നത്. സംഭവത്തില്‍ തുര്‍ക്കി ഇതുവരെ പ്രതികരിച്ചിട്ടില്ല.
രാജ്യത്തെ 9 വിമാനത്താവളങ്ങളിൽ എയർ കാർഗോ കൈകാര്യം ചെയ്തിരുന്ന തുർക്കി ബന്ധമുള്ള സെലെബി എന്ന കമ്പനിയെ ഇന്നലെ കേന്ദ്രം വിലക്കിയിരുന്നു. പ്രസിഡൻറ് എർദോഗൻറെ മകളുടെ കമ്പനി എന്ന പ്രചാരണം സെലിബി നിഷേധിച്ചു. തുർക്കിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ആപ്പിൾ, ഡ്രൈ ഫ്രൂട്ട്സ് എന്നിവ ബഹിഷ്ക്കരിക്കാൻ വ്യാപാരികളുടെ സംഘടന തീരുമാനിച്ചിട്ടുണ്ട്. അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തെ ഇന്ത്യ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നിരിക്കെയാണ്, വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അഫ്ഗാന്‍ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖിയുമായി ഇന്നലെ സംസാരിച്ചത്. ആദ്യമായി നടന്ന മന്ത്രിതല ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പരമ്പരാഗത ബന്ധം എസ് ജയശങ്കര്‍ പരാമര്‍ശിച്ചതോടെ, സഹകരണം ശക്തമാകുമെന്ന സന്ദേശം വ്യക്തമായി. പഹല്‍ഗാം ആക്രമണത്തെ താലിബാന്‍ സര്‍ക്കാര്‍ അപലപിച്ചതും ഇന്ത്യ അഫ്‌ഗാനിലേക്ക് മിസൈല്‍ ആക്രമണം നടത്തിയെന്ന പാക് പ്രചാരണം തള്ളിയതുമാണ് ഇന്ത്യയെ അഫ്‌ഗാനുമായി അടുപ്പിക്കാന്‍ വഴിയൊരുക്കിയത്. അഫ്‌ഗാന്‍ പൗരന്മാര്‍ക്ക് കൂടുതല്‍ വിസ അനുവദിക്കണം, ഇന്ത്യന്‍ ജയിലുകളിലെ അഫ്‌ഗാനിസ്ഥാന്‍കാരെ മോചിപ്പിക്കണം എന്നീ ആവശ്യങ്ങള്‍ അഅഫ്‌ഗാന്‍ വിദേശകാര്യ മന്ത്രി ചര്‍ച്ചയില്‍ ഉന്നയിച്ചു. പാകിസ്ഥാനുമായി തെറ്റി നില്ക്കുന്ന താലിബാനെ തത്കാലം സ്വന്തം പക്ഷത്ത് നിർത്താനാണ് ഇന്ത്യയുടെ തന്ത്രപരമായ നീക്കം.