ഷഹീൻബാഗ് സമരക്കാരുമായി ഇന്ന് നടത്തിയ ചർച്ചയിൽ സമവായമായില്ല, നാളെയും തുടരും

Web Desk   | Asianet News
Published : Feb 19, 2020, 08:31 PM ISTUpdated : Feb 20, 2020, 07:14 AM IST
ഷഹീൻബാഗ് സമരക്കാരുമായി ഇന്ന് നടത്തിയ ചർച്ചയിൽ സമവായമായില്ല, നാളെയും തുടരും

Synopsis

എന്നാൽ പൗരത്വ നിയമഭേദഗതി പിൻവലിക്കുന്നത് വരെ സമരം പിൻവലിക്കാനോ സമരവേദി മാറ്റാനോ കഴിയില്ലെന്ന് ഷഹീൻബാഗ് സമരക്കാർ നേരത്തേ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയിരുന്നു. 

ദില്ലി: സമരവേദി മാറ്റുന്നതുമായി ബന്ധപ്പെട്ട് ഷഹീൻ ബാഗിലെ സമരക്കാരുമായി സുപ്രീം കോടതി മധ്യസ്ഥ സംഘം നടത്തിയ ചർച്ച ബുധനാഴ്ച സമവായത്തിലെത്തിയില്ല. ഷഹീൻ ബാഗിൽ നിന്ന് സമരവേദി മാറ്റില്ലെന്ന നിലപാടിൽ സമരക്കാർ ഉറച്ച് നിന്നതോടെ വ്യാഴാഴ്ചയും ചർച്ച തുടരാൻ തീരുമാനിച്ചു. 

സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥരായ സഞ്ജയ് ഹെഗ്‍ഡെയും സാധനാ രാമചന്ദ്രനുമാണ് ഇന്ന് സമരപ്പന്തലിലെത്തിയത്. പൗരത്വ നിയമഭേദഗതിക്കെതിരായ സമരങ്ങളുടെ മുഖമായ ഷഹീൻബാഗിലെ അമ്മമാരോട് ഇവർ സംസാരിച്ചു. കഴിഞ്ഞ രണ്ട് മാസമായി കൊടും തണുപ്പിനെ അവഗണിച്ചും ഷഹീൻബാഗിലെ അമ്മമാർ ഇവിടെ സമരമിരിക്കുകയാണ്. 

ഇതിന് പിന്നാലെ സ്ഥലത്ത് റോഡ് ഗതാഗതം തടസ്സപ്പെടുന്നുവെന്നാരോപിച്ച് ബിജെപി രംഗത്ത് വന്നിരുന്നു. ഇത് ക്രമസമാധാനപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നും, ഇവിടെ സമരമിരിക്കുന്നത് തീവ്രവാദികളാണെന്നും ബിജെപി ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് വൻ പ്രചാരണവിഷയമാക്കി.

ഇതിനെതിരെ സുപ്രീംകോടതിയിൽ ഹർജി എത്തിയതോടെയാണ്, ഇവിടത്തെ ഗതാഗത തടസ്സം കണക്കിലെടുത്ത് പ്രശ്നം പരിഹരിക്കാൻ രണ്ട് മധ്യസ്ഥരെ കോടതി നിയോഗിച്ചത്. മറ്റൊരിടത്തേക്ക് സമരവേദി മാറ്റാനാകുമോ എന്ന് പരിശോധിക്കാനും, ഇവിടത്തെ ഗതാഗതതടസ്സം മാറ്റാൻ ചർച്ചയിലൂടെ സമവായമുണ്ടാക്കാനാകുമോ എന്നും പരിശോധിക്കാനാണ് മധ്യസ്ഥരായി രണ്ട് മുതിർന്ന അഭിഭാഷകർ എത്തിയത്. 

''സമരം ചെയ്യാനുള്ള അവകാശം കോടതി അംഗീകരിക്കുന്നു. എല്ലാവർക്ക് പറയാനുള്ളതും കേൾക്കാൻ ഞങ്ങൾ തയ്യാറാണ്. ലോകത്തിന് തന്നെ മാതൃകയാകുന്ന തരത്തിൽ ഒരു സമവായത്തിലെത്താൻ, തീരുമാനത്തിലെത്താൻ നമുക്ക് കഴിയുമോ എന്ന് നോക്കാനാണ് ഞങ്ങളെത്തിയത്'', അഡ്വ. സാധനാ രാമചന്ദ്രൻ വ്യക്തമാക്കി.

മാധ്യമപ്രവർത്തകരെ മാറ്റി നിർത്തി ചർച്ച നടത്താനാകുമോ എന്ന് മധ്യസ്ഥസംഘം ചോദിച്ചു. എന്നാൽ മാധ്യമപ്രവർത്തകർ നിൽക്കുമ്പോൾത്തന്നെ സമരം നടത്തണമെന്ന് ഷഹീൻബാഗിലെ സമരക്കാർ ആവശ്യപ്പെട്ടു. 

തുടർന്ന് ആദ്യദിനം നടന്ന ചർച്ചയിൽ സമവായമായില്ല. ഇനിയും ചർച്ച തുടരുമെന്നും, സമരക്കാർ അവരുടെ പ്രശ്നങ്ങളെക്കുറിച്ചാണ് സംസാരിച്ചതെന്നും, എല്ലാവർക്കും തൃപ്തിയുള്ള ഒരു സമവായത്തിനായാണ് ശ്രമിക്കുന്നതെന്നും ചർച്ചയ്ക്ക് ശേഷം സഞ്ജയ് ഹെഗ്‍ഡെയും സാധനാ രാമചന്ദ്രനും മാധ്യമപ്രവർത്തകരോട് പറഞ്ഞു.

''സമരം ചെയ്യാനുള്ള മൗലികാവകാശം എല്ലാവർക്കുമുണ്ട്. റോഡ് ഗതാഗതം തടസ്സപ്പെടുത്താതെ, സമരം തുടരാനുള്ള എന്തെങ്കിലും വഴി സ്വീകരിക്കാവുന്നതല്ലേ?', എന്നാണ് സുപ്രീംകോടതി ഹ‍ർജികൾ പരിഗണിക്കവേ ചോദിച്ചത്. 

''എല്ലാറ്റിനും പരിധിയും നിയന്ത്രണങ്ങളുമുണ്ട്.  നിങ്ങൾക്ക് പ്രതിഷേധിക്കണോ? അതാവാം. പക്ഷേ, നാളെ മറ്റൊരിടത്ത് വേറെ ഒരു സംഘം ആളുകൾ റോഡ് തടഞ്ഞ് സമരം തുടങ്ങിയാൽ? അത് അനുവദിക്കാനാകില്ല. ഗതാഗതം സുഗമമായി മുന്നോട്ടുപോകുന്ന തരത്തിൽ സമരം തുടരണം'', സുപ്രീംകോടതി പറഞ്ഞു. എല്ലാവരും റോഡ് തടസ്സപ്പെടുത്താൻ തുടങ്ങിയാൽ ആളുകളെവിടെപ്പോകും എന്നതാണ് ഞങ്ങളുടെ വേവലാതി - എന്ന് സുപ്രീംകോടതി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

60 കോടിയുടെ തട്ടിപ്പ്: ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം; സ്വത്തുക്കൾ കണ്ടുകെട്ടിയേക്കും
നടിയും മോഡലും അവതാരകയുമായ യുവതിയെ നടുറോഡിൽ മർദ്ദിച്ച് ഭർത്താവ്, വിവാഹമോചനം ആവശ്യപ്പെട്ട് മർദ്ദനം, ദൃശ്യം പുറത്ത്