
ലഖ്നൌ: അധ്യാപകർക്കെതിരെ കുറിപ്പെഴുതി വച്ച് മെഡിക്കൽ വിദ്യാർത്ഥിനി ജീവനൊടുക്കി. ഗ്രേറ്റർ നോയിഡയിലെ ശാരദ സർവകലാശാലയിലെ രണ്ടാം വർഷ ബാച്ചിലർ ഓഫ് ഡെന്‍റൽ സർജറി (ബിഡിഎസ്) വിദ്യാർത്ഥിനി ജ്യോതി ശർമയാണ് മരിച്ചത്. വനിതാ ഹോസ്റ്റലിലാണ് ജ്യോതിയെ മരിച്ച നിലയിൽ കണ്ടത്. രണ്ട് അധ്യാപകരുടെ മാനസിക പീഡനമാണ് ജീവനൊടുക്കാൻ കാരണമെന്ന് വിദ്യാർത്ഥിനി എഴുതിയ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
പിസിപി, ഡെന്‍റൽ മെറ്റീരിയൽ അധ്യാപകരാണ് കുറ്റക്കാരെന്ന് ജ്യോതി ശർമ കുറിപ്പിൽ ആരോപിച്ചു. രണ്ട് പേരെയും ജയിലിൽ അടയ്ക്കണമെന്ന് ജ്യോതി ആവശ്യപ്പെട്ടു- "അവർ എന്നെ മാനസികമായി പീഡിപ്പിച്ചു. അവർ എന്നെ അപമാനിച്ചു. ഞാൻ വളരെക്കാലമായി അവർ കാരണം സമ്മർദത്തിലായിരുന്നു. അവർക്കും ഇതേ അവസ്ഥ വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നോട് ക്ഷമിക്കണം. എനിക്ക് ഇങ്ങനെ ജീവിക്കാൻ കഴിയില്ല".
ഗൗതം ബുദ്ധ് നഗറിലെ നോളജ് പാർക്ക് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. വിദ്യാർത്ഥിനിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പേരെയും അറസ്റ്റ് ചെയ്തെന്ന് ഗ്രേറ്റർ നോയിഡ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് സുധീർ കുമാർ പറഞ്ഞു.
വിദ്യാർത്ഥിനി ജീവനൊടുക്കിയതിന് പിന്നാലെ ക്യാമ്പസിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യപ്പെട്ട് രാത്രി വൈകിയും വിദ്യാർത്ഥികൾ സമരം ചെയ്തു.
സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ കണ്ടെത്താനും കൂടുതൽ നടപടികൾ ശുപാർശ ചെയ്യാനും ഉന്നതാധികാര അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് ശാരദ സർവകലാശാല പ്രസ്താവനയിൽ അറിയിച്ചു. പൊലീസ് അന്വേഷണവുമായി സർവകലാശാല പൂർണമായി സഹകരിക്കുന്നുണ്ടെന്ന് പബ്ലിക് റിലേഷൻസ് ഡയറക്ടർ പറഞ്ഞു. ആവശ്യപ്പെട്ട എല്ലാ രേഖകളും പൊലീസിന് നൽകിയിട്ടുണ്ടെന്നും രണ്ട് ജീവനക്കാരെയും സസ്പെൻഡ് ചെയ്തെന്നും സർവകലാശാല അറിയിച്ചു.
അധ്യാപകനെതിരെ നൽകിയ പീഡന പരാതിയിൽ നടപടിയെടുക്കാതിരുന്നതിനെ തുടർന്ന് ഒഡീഷയിൽ ഒരു കോളജ് വിദ്യാർത്ഥിനി സ്വയം തീകൊളുത്തി ജീവനൊടുക്കിയതിന് പിന്നാലെയാണ് ഈ സംഭവം. ബലാസോറിലെ കോളജിലെ അധ്യാപകനെതിരെ ലൈംഗിക പീഡന പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്നാരോപിച്ചാണ് ഇരുപതുകാരി ജീവനൊടുക്കിയത്. 90 ശതമാനം പൊള്ളലേറ്റ വിദ്യാർത്ഥിനിയെ എയിംസിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കുറ്റവാളികൾക്കെതിരെ കടുത്ത നടപടി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മോഹൻ ചരൺ മാജി അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam