കൊവിഡ് സാഹചര്യം വിലയിരുത്തല്‍; പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു

By Web TeamFirst Published Jun 13, 2020, 7:05 PM IST
Highlights

വരും മാസങ്ങളില്‍ ചികിത്സ സൗകര്യങ്ങള്‍ കൂട്ടേണ്ടതിന്‍റെ ആവശ്യകത ആരോഗ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയെ ധരിപ്പിച്ചു. 

ദില്ലി: കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഡോ ഹര്‍ഷ വര്‍ധന്‍, ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബെ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. വരും മാസങ്ങളില്‍ ചികിത്സ സൗകര്യങ്ങള്‍ കൂട്ടേണ്ടതിന്‍റെ ആവശ്യകത ആരോഗ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഇതിന്‍റെ അടിസഥാനത്തില്‍ അടിയന്തര രൂപരേഖ തയ്യാറാക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി. ദില്ലിയുള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ സാഹചര്യവും യോഗം വിലയിരുത്തി. 

ദില്ലിയിലെ കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നാളെ  ഉന്നത തല യോഗം വിളിച്ചിട്ടുണ്ട്. 36,000 ത്തില്‍ പരം രോഗബാധിതരാണ് ദില്ലിയിലുള്ളത്. മരണ സംഖ്യ 1500 ഓട് അടുത്തു. സാഹചര്യം ഇത്രത്തോളം വഷളായിട്ടും അനങ്ങാതിരുന്ന  കേന്ദ്രം സുപ്രീംകോടതി വടിയെടുത്തതിന് പിന്നാലെ നേരിട്ട് ഇടപെടുകയാണ്. ലഫ്. ഗവര്‍ണ്ണര്‍  ഇടപെട്ട് ഉന്നതാധികാര സമിതിയെ നിയോഗിച്ചതും ഈ നീക്കത്തിന്‍റെ ആദ്യ പടിയായിരുന്നു.

ദില്ലിയിലെ സ്ഥിതി വഷളാകുന്നതില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നേരത്തെ  അമിത് ഷായെ നേരില്‍ കണ്ട് ആശങ്ക അറിയിച്ചിരുന്നെങ്കിലും കേന്ദ്രം പ്രതികരിച്ചിരുന്നില്ല. തബ്ലീഗ് ജമാ അത്ത് സമ്മേളനത്തിന് പിന്നാലെ മുതല്‍ വഷളായി തുടങ്ങിയ ദില്ലിയിലെ സാഹചര്യം ആശുപത്രികള്‍ നിറയുന്ന ഘട്ടം വരെ എത്തിയപ്പോഴും കേന്ദ്രം മൗനം തുടര്‍ന്നു. സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയുള്ള ഇടപെടലിന് രാഷ്ട്രീയ ലക്ഷ്യവുമുണ്ട്. നാളെ പതിനൊന്ന് മണിക്ക്  അമിത് ഷാ വിളിച്ച യോഗത്തില്‍ അരവിന്ദ് കെജ്രിവാള്‍, ലഫ്. വര്‍ണണര്‍, കേന്ദ്ര ആരോഗ്യമന്ത്രി, എയിംസ് ഡയറക്ടര്‍  എന്നിവര്‍ പങ്കെടുക്കും. 

click me!