മെഹ്ബൂബ മുഫ്തിയെ ഇന്ന് വിട്ടയക്കും; മോചനം എട്ട് മാസത്തിനുശേഷം

By Web TeamFirst Published Mar 25, 2020, 10:33 AM IST
Highlights

കശ്മീർ പുനഃസംഘടനക്ക് ശേഷം കഴിഞ്ഞ ഓഗസ്റ്റ് അഞ്ച് മുതലാണ് മെഹ്ബൂബ മുഫ്തി അടക്കമുള്ള നേതാക്കളെ കേന്ദ്ര സർക്കാർ തടവിലാക്കിയത്. 

ദില്ലി: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ വീട്ടുതടങ്കലിൽ നിന്ന് ഇന്ന് മോചിപ്പിക്കും. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ തടവിലായ മെഹ്ബൂബ മുഫ്തിയെ എട്ട് മാസത്തിന് ശേഷമാണ് മോചിപ്പിക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ബിൽ ലോക്സഭ പാസാക്കിയത്. ഇതിന് മുന്നോടിയായാണ് ഫറൂഖ് അബ്ദുള്ള, ഒമർ‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി തുടങ്ങിയവരെ കരുതൽ തടങ്കലിലാക്കിയത്. 232 ദിവസത്തിന് ശേഷം ഇന്നലെയാണ് മുൻ മുഖ്യമന്ത്രിയും നാഷണൽ കോണ്‍ഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള മോചിതനായത്. ഒമർ അബ്ദുള്ളയുടെ മോചനം ആവശ്യപ്പെട്ട് സഹോദരി സാറാ അബ്ദുള്ള പൈലറ്റ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. ഒമർ അബ്ദുള്ളയെ മോചിപ്പിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാൻ സുപ്രീംകോടതി കേന്ദ്രത്തോട് കഴിഞ്ഞയാഴ്ച ആരാഞ്ഞു. ഈ സാഹചര്യത്തിലാണ് ഒമർ അബ്ദുള്ളയുടെ മോചനം.

Also Read: 'ലോകം ഏറെ വ്യത്യസ്തമായി തോന്നുന്നു'; 232 ദിവസത്തെ തടങ്കലിന് ശേഷം ആദ്യമായി പുറം ലോകത്തേക്ക് ഒമര്‍ അബ്ദുള്ള

ഒമർ അബ്ദുള്ളയുടെ പിതാവും നാഷണൽ കോൺഫറൻസ് അധ്യക്ഷനുമായ ഫറൂഖ് അബ്ദുള്ളയെ കഴിഞ്ഞ 13 ന് വിട്ടയച്ചിരുന്നു. ഫെബ്രുവരി അഞ്ചിന് നേതാക്കളുടെ തടങ്കൽ കാലാവധി അവസാനിച്ചതായിരുന്നു. എന്നാൽ പൊതു സുരക്ഷ നിയമം ചുമത്തി തടങ്കൽ നീട്ടി. ഒമറിന്റെ മോചനത്തിൽ സന്തോഷം രേഖപ്പെടുത്തി മെഹ്ബൂബയുടെ അക്കൗണ്ടിൽ നിന്ന് മകൾ ഇൽതിജ ട്വീറ്റ് ചെയ്തിരുന്നു. സ്ത്രീ ശക്തിയെയും അവകാശങ്ങളെയും കുറിച്ച് സംസാരിക്കുന്ന ഭരണകൂടം സ്ത്രീകളെയാണ് കൂടുതൽ ഭയക്കുന്നതെന്നും ട്വീറ്റിൽ കുറ്റപ്പെടുത്തി.

Also Read: 'ദില്ലി കത്തിയെരിയുമ്പോഴും നിങ്ങള്‍ ആഘോഷങ്ങളിലാണ്'; കേന്ദ്രത്തിനെതിരെ ഇല്‍ത്തിജ മുഫ്തി

click me!