ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി പിന്‍വലിച്ചാല്‍ കേന്ദ്ര സര്‍ക്കാരുമായുള്ള ബന്ധം അവസാനിക്കും: മെഹ്ബൂബ മുഫ്തി

By Web TeamFirst Published Mar 30, 2019, 10:58 PM IST
Highlights

നിയമം അടിസ്ഥാനമാക്കിയാണ്  ജമ്മു കശ്മീരിന് ഈ പദവി നല്‍കിയത്. അത് എടുത്തു കളയുകയാണെങ്കില്‍ നിബന്ധനകളില്ലാതെ ഇന്ത്യയില്‍ തുടരണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടി വരും’- മുഫ്തി.

ശ്രീനഗര്‍:‌ ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി പ്രസിഡന്‍റുമായ മെഹ്ബൂബ മുഫ്തി. ഭരണഘടനയിലെ 370-ാം അനുച്ഛേദം അസാധുവാക്കുന്ന പക്ഷം ജമ്മു കശ്മീരും കേന്ദ്ര സര്‍ക്കാറും തമ്മിലുള്ള എല്ലാ ബന്ധവും അവസാനിക്കുമെന്ന് മുഫ്തി ശനിയാഴ്ച പറഞ്ഞതായി എ എന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ആര്‍ട്ടിക്കിള്‍ 370 ഇന്ത്യയും ജമ്മു കശ്മീരും തമ്മിലുള്ള ബന്ധത്തിന്‍റെ പാലമാണെന്നും ആര്‍ട്ടിക്കിള്‍ അസാധുവാക്കുന്ന പക്ഷം ഈ ബന്ധം തുടരില്ലെന്നും മുഫ്തി പറഞ്ഞു. 

നിയമം അടിസ്ഥാനമാക്കിയാണ്  ജമ്മു കശ്മീരിന് ഈ പദവി നല്‍കിയത്. അത് എടുത്തു കളയുകയാണെങ്കില്‍ നിബന്ധനകളില്ലാതെ ഇന്ത്യയില്‍ തുടരണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടി വരും’- മുഫ്തി കൂട്ടിച്ചേര്‍ത്തു.

പ്രത്യേക പദവിയുടെ ആവശ്യകതയെ ചോദ്യം ചെയ്ത കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‍ലിക്ക് മറുപടിയായി, ‘അരുണ്‍ ജെയ്റ്റ്‌ലി ഇതിനെക്കുറിച്ച് ചിന്തിക്കണം. ആര്‍ട്ടിക്കിള്‍ 370 നിങ്ങള്‍ അവസാനിപ്പിച്ചാല്‍ ജമ്മു കശ്മീരുമായി നിങ്ങള്‍ക്കുള്ള ബന്ധം അവസാനിക്കും’ എന്നായിരുന്നു മുഫ്തി പ്രതികരിച്ചത്.നിലവില്‍ സ്വന്തമായി ഭരണഘടന നിര്‍മിക്കാനുള്ള അവകാശം ജമ്മു കശ്മീരിനുണ്ട്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി സാധാരണക്കാരുടെ താല്‍പര്യങ്ങളെ ഹനിക്കുന്നെന്നും, സംസ്ഥാനത്തെ വികസനത്തെ പിന്നോട്ടടിക്കുന്നെന്നുമായിരുന്നു  ജെയ്റ്റിലുടെ പ്രസ്താവന. സ്ഥിരം താമസക്കാരല്ലാത്തവര്‍ ജമ്മു കശ്മീരില്‍ സ്ഥലം സ്വന്തമാക്കുന്നത് തടയുന്ന വകുപ്പാണ് ആര്‍ട്ടിക്കിള്‍ 35 A.

click me!