
ഗോരഖ്പൂർ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ വെജ് ബിരിയാണിയിൽ ഇറച്ചി കഷ്ണം വെച്ച് റെസ്റ്റോറന്റിൽ ബിൽ അടയ്ക്കാതെ പോകാൻ ശ്രമിച്ച യുവാക്കൾ സിസിടിവി ക്യാമറയിൽ കുടുങ്ങി. ജൂലൈ 31-ന് രാത്രി യുപിയിലെ കാൻ്റോൺമെൻ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ശാസ്ത്രി ചൗക്കിലെ ബിരിയാണി ബേ റെസ്റ്റോറന്റിലാണ് സംഭവം.
എട്ടോ പത്തോ പേരുള്ള സംഘമാണ് റെസ്റ്റോറന്റിലെത്തി വെജിറ്റേറിയൻ, നോൺ-വെജിറ്റേറിയൻ ബിരിയാണികൾ ഓർഡർ ചെയ്തത്. ഭക്ഷണം വിളമ്പിയ ഉടൻ തന്നെ, ഒരാൾ തൻ്റെ വെജ് ബിരിയാണിയിൽ എല്ലിൻ കഷ്ണം കണ്ടെത്തിയെന്ന് പറഞ്ഞ് ബഹളമുണ്ടാക്കി. വെജ് ബിരിയാണിയിൽ നിന്ന് എല്ലിൻ കഷ്ണം കിട്ടി എന്ന് യുവാക്കൾ റെസ്റ്റോറന്റ് ജീവനക്കാരോട് പറഞ്ഞു. ശുചിത്വമില്ലാതെയാണ് നിങ്ങൾ ഭക്ഷണം കൈകാര്യം ചെയ്യുന്നതെന്നും യുവാക്കൾ ആരോപിച്ചു.
എന്നാൽ, അടുക്കളയിൽ ഇറച്ചി പ്രത്യേകം പാകം ചെയ്യുന്നതിനാൽ അങ്ങനെയൊരു പിഴവിന് സാധ്യതയില്ലെന്ന് റെസ്റ്റോറന്റ് ഉടമ രവികാർ സിംഗിന് ഉറപ്പിച്ച് പറഞ്ഞു. തുടർന്ന് റെസ്റ്റോറന്റ് ഉടമ തന്നെ പോലീസിനെ വിളിക്കുകയും, അന്വേഷണത്തിൽ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങളിൽ, ഒരാൾ രഹസ്യമായി മറ്റൊരാളുടെ കയ്യിൽ നിന്ന് എല്ല് വാങ്ങി വെജ് ബിരിയാണിയിൽ വെക്കുന്നത് വ്യക്തമായി കാണാമായിരുന്നു.
അടയ്ക്കാതിരിക്കാൻ മനപ്പൂർവ്വം നടത്തിയ പ്രവൃത്തിയായിരുന്നു ഇതെന്നും, 5000-6000 രൂപയുടെ ബിൽ ഒഴിവാക്കാൻ വേണ്ടിയാണ് ഇവർ ഇത് ചെയ്തതെന്നും രവികാർ സിംഗ് പൊലീസിനോട് പറഞ്ഞു. നിലവിൽ സംഭവത്തിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും, നിയമനടപടികൾ തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam