
സൂറത്ത്: ഗുജറാത്തിലെ സൂറത്തിലുള്ള ദുമസ് ബീച്ചിൽ ആഡംബര കാർ സ്റ്റണ്ടിനിടെ പൂഴിയിൽ പുതഞ്ഞുപോയി. മെഴ്‌സിഡസ് ബെൻസ് കാറാണ് ചതുപ്പുപോലുള്ള മണലിൽ താഴ്ന്നുപോയത്. സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോയിൽ, കാറിലുണ്ടായിരുന്നവർ നിസ്സഹായരായി നിൽക്കുന്നതും വാഹനം എങ്ങനെ പുറത്തെടുക്കുമെന്ന ആശങ്കപ്പെടുന്നതും കാണാം.
സുരക്ഷാ- പാരിസ്ഥിതിക പ്രശ്നങ്ങൾ കാരണം ദുമസ് ബീച്ചിൽ വാഹനങ്ങൾ ഇറക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും, ഈ സംഘം വിലക്ക് ലംഘിച്ച് ബെൻസ് ബീച്ചിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു എന്നാണ് വിവരം. പൊലീസിന്റെ സാന്നിധ്യവും പതിവായി പട്രോളിംഗും ഉണ്ടായിട്ടും, സംഘം അധികാരികളെ മറികടന്ന് തീരത്തെത്തുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളിൽ പറയുന്നു.
വാഹനം കടലിൽ തിരയടിക്കുന്ന ഭാഗത്തോട് ചേർത്താണ് നിർത്തിയിരുന്നത്. വേലിയിറങ്ങിയപ്പോൾ കാർ കൂടുതൽ ആഴത്തിൽ മൃദുലവും ചതുപ്പുപോലുള്ളതുമായ മണലിൽ താഴുകയായിരുന്നു. സഹായമില്ലാതെ കാര്‍ മാറ്റാൻ കഴിയാത്ത അവസ്ഥയിലായി. ഓൺലൈനിൽ പ്രചരിക്കുന്ന 18 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ദൃശ്യങ്ങളിൽ കാര്‍ ഉടമകൾ നിസഹായരായി നിൽക്കുന്നതും കാണാം.
ഇത്തരം സംഭവങ്ങൾ വർധിച്ചുവരികയാണെന്നും, പ്രദേശത്തെ പൊലീസ് പട്രോളിംഗിന്റെ കാര്യക്ഷമമല്ലെന്നും പ്രദേശ വാസികൾ പറയുന്നു. ആവർത്തിച്ചുള്ള മുന്നറിയിപ്പുകളും ബോർഡുകളും അവഗണിച്ച് ഡ്രൈവർമാർ നിരോധനം ലംഘിക്കുന്നതാണ് ഇത്തരം അപകടങ്ങൾക്ക് കാരണമകാുന്നത് എന്നും പ്രദേശവാസികൾ ആരോപിക്കുന്നു.