പുതിയ ബെന്‍സ് കാർ മൂന്ന് മാസത്തിനിടെ അഞ്ച് തവണ തകരാറായി; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

By Web TeamFirst Published Apr 3, 2019, 11:34 AM IST
Highlights

കാർ നിരത്തിലിറക്കി 18ാമത്തെ ദിവസമാണ് ആദ്യമായി വർക്‌ഷോപ്പിൽ കയറ്റേണ്ടി വന്നത്. പിന്നെ ഇതൊരു പതിവായി മാറി

ഛണ്ഡീഗഡ്: പുതിയ കാർ മൂന്ന് മാസത്തിനിടെ അഞ്ച് തവണ തകരാറിലായ സംഭവത്തിൽ ബെൻസ് കമ്പനി ഉപഭോക്താവിന് രണ്ട് ലക്ഷം പിഴ നൽകണം. ഛണ്ഡീഗഡ് സ്വദേശിയായ പ്രിൻസ് ബൻസലാണ് മൂന്ന് വർഷത്തോളം നിയമപോരാട്ടം നടത്തിയത്.

ബൻസലിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരമായും 20000 രൂപ കേസ് നടത്തിപ്പിന്റെ ചിലവായും നൽകണം. 2015 സെപ്തംബർ 17 നാണ് ബൻസൽ കാർ വാങ്ങിയത്. മെഴ്സിഡസിന്റെ C220 CDI കാർ 37 ലക്ഷം രൂപയ്ക്കാണ് അംഗീകൃത ഡീലറായ ജോഷി ഓട്ടോ സോണിൽ നിന്ന് വാങ്ങിയത്. 

ഫ്രണ്ട് കാബിനിൽ നിന്ന് അരോചകമായ ശബ്ദം പുറത്തുവരുന്നതായിരുന്നു ആദ്യത്തെ പ്രശ്നം. 2017 ഒക്ടോബർ ആദ്യ വാരമായിരുന്നു ഇത്. ഈ സമയത്ത് കാർ ആകെ സഞ്ചരിച്ചത് 1424 കിലോമീറ്റർ. പിന്നീട് ഷോക്കേർസ് എല്ലാം പ്രവർത്തന രഹിതമാവുകയും പുതിയത് ഘടിപ്പിക്കേണ്ടി വരികയും ചെയ്തു. നവംബർ മാസമായപ്പോൾ കാറിന്റെ ഡോറുകളിൽ നിന്ന് ശബ്ദം പുറത്തുവരികയും അവ മാറ്റിവയ്‌ക്കേണ്ടി വരികയും ചെയ്തു.

കാറിന്റെ ഇടതുവശത്തെ മുന്നിലെ ടയറിൽ ഒരു കീറ് കണ്ടത് ഈ ഘട്ടത്തിലാണ്. പുതിയ ടയർ മാറ്റിവച്ചു. മാർച്ചിൽ കാർ 7900 കിലോമീറ്റർ സഞ്ചരിച്ചപ്പോഴേക്കും ഈ പ്രശ്നങ്ങളെല്ലാം വീണ്ടും ഉണ്ടായി. ഇതോടെ കാറിന്റെ എല്ലാ ഡോറിന്റെയും സീൽ ഫ്രയിമുകൾ മാറ്റിവച്ചു. ഇതിന് പുറമെ ടച്ച് പാഡിന്റെ സോഫ്റ്റുവെയറും അപ്ഡേറ്റ് ചെയ്തു. എന്നിട്ടും കാബിനിലെ ശബ്ദം അതേപടി നിലനിന്നു.

കാറിന് വാറണ്ടി നിർദ്ദേശങ്ങൾക്ക് പുറത്തുളള അറ്റകുറ്റപ്പണികൾ സൗജന്യമായി ചെയ്തിട്ടുണ്ടെന്നായിരുന്നു മെഴ്സിഡസ് കമ്പനിയുടെ വിശദീകരണം. ബൻസൽ കാർ വിശദമായി പരിശോധിച്ച് സംതൃപ്തനായാണ് ഇത് വാങ്ങിയതെന്ന ന്യായവും അവർ കോടതിയിൽ പറഞ്ഞു. പരാതിയിൽ പറയും പ്രകാരം കാറിൽ നിന്ന് ശബ്ദം വരുന്നില്ലെന്നായിരുന്നു ജോഷി ഓട്ടോ സോൺ ഉന്നയിച്ച വാദം.

എന്നാൽ ഏത് കാർ വാങ്ങിയാലും ദിവസങ്ങൾക്കകം ഗാരേജിൽ പോകേണ്ടി വരുമെന്ന് ഉപഭോക്താക്കൾ കരുതുന്നില്ലെന്നും, തകരാറുകൾ പരിഹരിച്ചുവെന്നത് ബൻസലിന്റെ സമയനഷ്ടത്തിനും അസൗകര്യത്തിനും പരിഹാരമാകില്ലെന്നും സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര ഫോറം ചൂണ്ടിക്കാട്ടി.

 

click me!