
ദില്ലി: പിഎം മുദ്രാ യോജന പദ്ധതിയുടെ പേരിൽ ലോണ്‍ നല്‍കുന്നതായി പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് കേന്ദ്ര സർക്കാർ. പിഎം മുദ്രാ യോജന പദ്ധതിക്ക് കീഴില്‍ 20,55,000 രൂപ ലോണ്‍ അനുവദിക്കുന്നതായാണ് രാജ്യത്ത് വിവിധ കോണുകളിലുള്ളവർക്ക് ഫോണിൽ സന്ദേശം ലഭിച്ചത്. മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കിയാല്‍ ലോണ്‍ യോഗ്യത ഉടനടി അറിയാനുള്ള ലിങ്ക് സഹിതമാണ് സന്ദേശം പ്രചരിക്കുന്നത്.
'നിങ്ങള്‍ക്ക് പിഎം മുദ്രാ യോജന പ്രകാരം ലോണ്‍ ലഭിക്കുന്നതാണ്, ഫോണ്‍ നമ്പർ രേഖപ്പെടുത്തി വേരിഫൈ ചെയ്ത് ലോണ്‍ ലഭിക്കുമോ എന്ന് നിമിഷങ്ങള്‍ക്കുള്ളിൽ അറിയാനാവും' എന്നതാണ് സന്ദേശത്തിന്‍റെ ഉള്ളടക്കം. എന്നാല്‍ ഈ സന്ദേശം വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. ഇത്തരം സംശയാസ്പദമായ ലിങ്കുകളിൽ ഒരിക്കലും ക്ലിക്ക് ചെയ്യരുതെന്നും ബാങ്കിംഗ്/വ്യക്തിഗത വിശദാംശങ്ങൾ പങ്കിടാൻ ആവശ്യപ്പെടുന്ന ഇമെയിലുകൾ/എസ്എംഎസ് എന്നിവയോട് പ്രതികരിക്കരുതെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു.
കഴിഞ്ഞ ദിവസം പെട്രോള്‍ പമ്പ് ഡീലർഷിപ്പ് നല്‍കുന്നു എന്ന അവകാശവാദത്തോടെ ഒരു വെബ്സൈറ്റ് വഴിയും വ്യാജ പ്രചാരണം നടന്നിരുന്നു. പമ്പിന് ഡീലർഷിപ്പ് ലഭിക്കാന്‍ ഈ വെബ്സൈറ്റില്‍ കയറി വിവരങ്ങള്‍ നല്‍കി അപേക്ഷ നല്‍കിയാല്‍ മതിയെന്നായിരുന്നു പ്രചാരണം. എന്നാല്‍ ഈ വെബ്സൈറ്റും സന്ദേശവും വ്യാജമാണ്. ആരും ഈ കെണിയില്‍ വീഴരുത്. ഈ വെബ്സൈറ്റിന് കേന്ദ്ര സർക്കാരുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു.
Read More : 'അവസാന ഇന്ത്യൻ മാധ്യമപ്രവർത്തകനും ഉടൻ രാജ്യം വിടണം'; നിലപാട് കടുപ്പിച്ച് ചൈന, ഒരുമാസം സമയം