
ദില്ലി: ഇന്ദിരാഗാന്ധിയെ വധിച്ചതിന് പിന്നാലെ നടന്ന 1984 ലെ സിഖ് വിരുദ്ധ കലാപകാലത്തെ 601/84 എന്ന കേസ് പുനരന്വേഷിക്കുന്നു. ഇപ്പോൾ മധ്യപ്രദേശ് മുഖ്യമന്ത്രിയായ മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ് പ്രതിയായ കേസാണിത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സിഖ് വിരുദ്ധ കലാപ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോട് 601/84 എന്ന കേസും പുനരന്വേഷിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ദില്ലി രജൗരി ഗാർഡൻ എംഎൽഎയും അകാലി ദൾ നേതാവുമായ മജീന്ദർ സിംഗ് സിർസയാണ് ഈ കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയത്.
"നിങ്ങളുടെ കൂട്ടുകാരൻ സജ്ജൻകുമാറിനെ ജയിലിൽ ചെന്ന് കാണാനുള്ള സമയം എത്തിക്കഴിഞ്ഞു. നിങ്ങൾ ദിവസങ്ങൾ എണ്ണിക്കോളൂ," എന്നാണ് സിർസ ഈ ഉത്തരവിന് പിന്നാലെ ട്വീറ്റ് ചെയ്തത്. കമൽനാഥിനെതിരെ മൊഴി നൽകാൻ കേസിൽ ദൃക്‌സാക്ഷികളായവർ മുന്നോട്ട് വരണമെന്നും സിർസ ആവശ്യപ്പെട്ടു.
ദില്ലിയിലെ രാഘബ്‌ഗഞ്ച് ഗുരുദ്വാരയിൽ സിഖ് മതവിശ്വാസികൾക്കെതിരെ അക്രമി സംഘത്തെ അഴിച്ചുവിട്ടെന്നാണ് ഈ കേസിൽ കമൽനാഥിനെതിരായ ആരോപണം. കമൽനാഥിനെതിരായതടക്കം ഏഴ് കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് പുനരന്വേഷിക്കുന്നത്.
ഔദ്യോഗിക രേഖകൾ പ്രകാരം 1984 ലെ കലാപത്തിൽ 3325 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 2733 പേരും ദില്ലിയിലായിരുന്നു കൊല്ലപ്പെട്ടത്. 2015 ഫെബ്രുവരി 12നാണ് സിഖ് വിരുദ്ധ കലാപ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സമിതിയെ രൂപീകരിച്ചത്. 650 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവയിൽ 18 കേസുകൾ റദ്ദാക്കി. 268 കേസുകളുടെ ഫയലുകൾ വീണ്ടെടുക്കാൻ സാധിക്കാത്ത വിധം നഷ്ടപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam