
ദില്ലി: മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ശേഷി വികസിപ്പിക്കുന്നതിനായി യുഎസ് ആസ്ഥാനമായുള്ള ഈ സോഫ്റ്റ്‌വെയർ ഭീമൻ ഏഷ്യയിലെ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപം പ്രഖ്യാപിച്ചു. 17.5 ബില്യൺ യുഎസ് ഡോളർ (ഏകദേശം 1.5 ലക്ഷം കോടി രൂപ) ആണ് കമ്പനി ഇന്ത്യയിൽ നിക്ഷേപിക്കുക. "ഇന്ത്യയുടെ എഐ സാധ്യതകളെക്കുറിച്ച് പ്രചോദനാത്മകമായ സംഭാഷണം നടത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് നന്ദി. രാജ്യത്തിൻ്റെ അഭിലാഷങ്ങളെ പിന്തുണയ്ക്കുന്നതിനായി, ഇന്ത്യയുടെ എഐ-ഫസ്റ്റ് ഭാവിക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ, വൈദഗ്ദ്ധ്യം, സാങ്കേതിക പരമാധികാര ശേഷികൾ എന്നിവ കെട്ടിപ്പടുക്കുന്നതിനായി 17.5 ബില്യൺ യുഎസ് ഡോളർ മൈക്രോസോഫ്റ്റ് നിക്ഷേപിക്കുന്നു. ഏഷ്യയിലെ ഞങ്ങളുടെ ഏറ്റവും വലിയ നിക്ഷേപമാണിത്," നദെല്ല എക്‌സിൽ കുറിച്ചു.
മൈക്രോസോഫ്റ്റ് തങ്ങൾ ഇന്ത്യയിൽ നിക്ഷേപിക്കാൻ പോകുന്ന 17.5 ബില്യൺ യുഎസ് ഡോളറിനെക്കുറിച്ച് കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വിശദീകരിച്ചു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഡാറ്റാ സെന്‍ററുകളും വൈദഗ്ധ്യ വികസനവും ഉൾപ്പെടെ ക്ലൗഡ്, എഐ ഇൻഫ്രാസ്ട്രക്ചറിനായി ബെംഗളൂരുവിൽ നേരത്തെ പ്രഖ്യാപിച്ച മൂന്ന് ബില്യൺ യുഎസ് ഡോളർ നിക്ഷേപത്തിന് പുറമേയാണിത്. ഈ നിക്ഷേപം കമ്പനിക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ഹൈപ്പർസ്കെയിൽ സാന്നിധ്യം ഉറപ്പാക്കുമെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു.
"ഇന്ത്യ അതിൻ്റെ AI യാത്രയിലെ ഒരു നിർണായക ഘട്ടത്തിലാണ്... വലിയ തോതിലുള്ള സ്വാധീനത്താൽ നിർവചിക്കപ്പെട്ടതും മുന്നോട്ട് നയിക്കാൻ നിശ്ചയദാർഢ്യമുള്ളതുമായ ഒരു ഘട്ടം. സാങ്കേതികവിദ്യ സമഗ്രമായ വളർച്ചയ്ക്കും സാമ്പത്തിക പരിവർത്തനത്തിനും ഒരു ഉത്തേജകമാകുമ്പോൾ, രാജ്യം ഒരു മുൻനിര എഐ രാഷ്ട്രമായി ഉയർന്നുവരുന്നു. ഈ പശ്ചാത്തലത്തിൽ... നാല് വർഷത്തിനുള്ളിൽ ഏഷ്യയിലെ ഞങ്ങളുടെ ഏറ്റവും വലിയ നിക്ഷേപം - 17.5 ബില്യൺ യുഎസ് ഡോളർ - ഇന്ന് ഞങ്ങൾ പ്രഖ്യാപിക്കുന്നു," കമ്പനി പ്രസ്താവനയിൽ പറഞ്ഞു. നാല് വർഷത്തിനുള്ളിൽ മൈക്രോസോഫ്റ്റ് നടത്തുന്ന ഏകദേശം 20 ബില്യൺ ഡോളറിന്‍റെ നിക്ഷേപം, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ കെട്ടിപ്പടുക്കാൻ മത്സരിക്കുന്ന ആഗോള സോഫ്റ്റ്‌വെയർ ഭീമൻമാർക്ക് ഇന്ത്യ എത്രത്തോളം മൂല്യവത്തായ വിപണിയാണ് എന്ന് സൂചിപ്പിക്കുന്നു.
നേരത്തെ, ഒക്ടോബറിൽ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കുകയും ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് യുഎസ് ടെക് ഭീമൻ സ്ഥാപിക്കുന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഹബ്ബിനായുള്ള പദ്ധതികൾ പങ്കുവെക്കുകയും ചെയ്തിരുന്നു. രാജ്യത്ത് ഗൂഗിൾ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. അദാനി ഗ്രൂപ്പുമായി സഹകരിച്ച് വിശാഖപട്ടണത്ത് ഡാറ്റാ സെന്‍ററും എഐ കേന്ദ്രവും സ്ഥാപിക്കുന്ന ഗൂഗിൾ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 15 ബില്യൺ ഡോളർ നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായും അറിയിച്ചു. ആമസോണും ഇന്ത്യയിൽ ഡാറ്റാ സെന്‍ററുകൾ നിർമ്മിക്കാൻ കോടിക്കണക്കിന് ഡോളർ നിക്ഷേപം നടത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam