ട്രെയിനില്‍ വച്ച് അതിഥി തൊഴിലാളി മരിച്ചു; മൃതദേഹത്തിനരികിലിരുന്ന് സഹയാത്രികര്‍ ബംഗാളിലേക്ക്

By Web TeamFirst Published Jun 1, 2020, 10:50 AM IST
Highlights

ലോക്ക്ഡൗണിനെ തുടര്‍ന്ന് ബുദ്ധ പരിഹാറിനും ദാസിനും ജോലി നഷ്ടമായി. പണം ഇല്ലാത്തതിനാല്‍ വീട്ടിലേക്ക് മടങ്ങാനുള്ള പല ശ്രമങ്ങളും വിഫലമായി. 

കൊല്‍ക്കത്ത: ശ്രമിക് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ വീണ്ടുമൊരു മരണം. രാജസ്ഥാനില്‍ നിന്ന് പശ്ചിമബംഗാളിലേക്ക് പോകുകയായിരുന്ന ട്രെയിനില്‍ വച്ചാണ് 50 കാരന്‍ ബുദ്ധ പരിഹാര്‍ മരിച്ചത്. തുടര്‍ന്ന് ഈ മൃതദേഹത്തിനൊപ്പമാണ് എട്ടുമണിക്കൂറോളം മറ്റുള്ളവര്‍ യാത്ര ചെയ്തത്. 

ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം  കഴിഞ്ഞ 20 വര്‍ഷമായി രാജസ്ഥാനില്‍ ജീവിച്ച് വരികയായിരുന്നു ഇയാള്‍. ബംഗാളിലെ മാല്‍ഡ ജില്ലയില്‍ നിലെ ഹരിശ്ചന്ദ്രപൂര്‍ സ്വദേശിയാണ് ഇയാള്‍. രാജസ്ഥാനിലെ ബിക്കനീറില്‍ ഹോട്ടല്‍ തൊഴിലാളിയായിരുന്നു ഇയാള്‍. ബുദ്ധയുടെ സഹോദരന്‍ ദാസും ഇയാള്‍ക്കൊപ്പം ഇതേ ഹോട്ടലില്‍ ജീവനക്കാരനായിരുന്നു. 

ലോക്ക്ഡൗണിനെ തുടര്‍ന്ന് ബുദ്ധ പരിഹാറിനും ദാസിനും ജോലി നഷ്ടമായി. പണം ഇല്ലാത്തതിനാല്‍ വീട്ടിലേക്ക് മടങ്ങാനുള്ള പല ശ്രമങ്ങളും വിഫലമായി. മെയ് 29ന് രാവിലെ 11 മണിക്ക് രാജസ്ഥാനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനില്‍ പോരാന്‍ ഒടുവില്‍ ഇവര്‍ക്ക് അവസരം ലഭിച്ചു. 

രാത്രി 10 മണിയോടെ ബുദ്ധ പരിഹാര്‍ ട്രെയിനില്‍ വച്ച് മരിച്ചു. ഉത്തര്‍പ്രദേശിലെ മുഗള്‍സരായിക്ക് സമീപത്തുവച്ചായിരുന്നു മരണം. കൊവിഡ് 19 മൂലമാണ് ബുദ്ധ പരിഹാര്‍ മരിച്ചതെന്നാണ് ഒപ്പമുള്ളവരുടെ സംശയം. ഈ സാഹചര്യത്തിലാണ് ഇയാളുടെ മൃതദേഹത്തിനൊപ്പമുള്ള യാത്ര. മാല്‍ഡ സ്റ്റേഷനില്‍ പുലര്‍ച്ചെ 6.40 ന് എത്തിയതോടെ ഡോക്ടര്‍മാരും റെയില്‍വെ ജീവനക്കാരുമെത്തി. മൃതദേഹം റെയില്‍വെ പൊലീസിന് കൈമാറി. 

പരിഹാറിന് ട്യൂബര്‍കുലോസിസ് ആയിരുന്നുവെന്നും ട്രെയിനില്‍ വച്ച് അസുഖം കൂടിയതോടെ താന്‍ മരുന്ന് നല്‍കിയെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ലെന്നും ദാസ് പൊലീസിന് എഴുതി നല്‍കിയ മൊഴിയില്‍ പറയുന്നു. കേസ് ഇംഗ്ലീഷ് ബസാര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് മൃതദേഹം മാല്‍വ മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റമോര്‍ട്ടത്തിന് അയച്ചു. 

click me!