Latest Videos

നിതീഷ് കുമാറിനെതിരെ കുടിയേറ്റ തൊഴിലാളികള്‍; തൊഴില്‍ പ്രതിസന്ധി ബിഹാര്‍ ജനവിധിയില്‍ നിര്‍ണ്ണായകം

By Web TeamFirst Published Oct 24, 2020, 10:50 AM IST
Highlights

തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധിയോട് പ്രചാരണ രംഗത്ത് നിതീഷ് കണ്ണടക്കുമ്പോള്‍ അത് മുതലെടുക്കാനുള്ള തീവ്രശ്രമത്തിലാണ് തേജസ്വിയും കൂട്ടരും. ബിഹാര്‍ ജനവിധിയില്‍ ഈ തൊഴിലാളി ജനതയുടെ നിലപാട് നിര്‍ണ്ണായകമാകും

ബിഹാര്‍: കുടിയേറ്റ തൊഴിലാളി വിഷയം ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ശക്തമായ പ്രചാരണായുധമാകുമ്പോള്‍ ലോക്ഡൗണില്‍ സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയ തൊഴിലാളികള്‍ നേരിടുന്നത് കൊടിയ ദുരിതം. മടങ്ങിയെത്തിയതില്‍ എഴുപത് ശതമാനം പേര്‍ ഇപ്പോഴും തൊഴില്‍ രഹിതരാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച പദ്ധതികളുടെ പ്രയോജനം കിട്ടിയിട്ടില്ലെന്ന തൊഴിലാളികളുടെ പരാതി നിതീഷ് കുമാറിന് നല്‍കുന്ന തിരിച്ചടി ചെറുതായിരിക്കില്ല. മനുഷ്യര്‍ പാര്‍ക്കുന്നയിടം തന്നെയാണോയെന്ന് സ്വയം ചോദിച്ചു പോകുന്ന കാഴ്ചകളാണ് കോളനിയില്‍ കാണുന്നത്. തൊഴിലില്ലായ്മക്കൊപ്പമുള്ള ഈ നരക ജീവിതം ഇവരെ ശ്വാസം മുട്ടിക്കുന്നു.

പതിനഞ്ച് ലക്ഷം തൊഴിലാളികളാണ് ലോക്ഡൗണിനെ തുടര്‍ന്ന് ബിഹാറിലേക്ക് മടങ്ങിയെത്തിയത്. ആദ്യം എതിര്‍ത്ത മുഖ്യമന്ത്രി പിന്നീട് അവശ്യസാധനങ്ങള്‍ തൊഴിലാളികള്‍ക്ക് എത്തിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ, എന്ത് കിട്ടിയെന്ന ചോദ്യം ഇവരെ പ്രകോപിതരാക്കുന്നു. ഈ കൊറോണ കാലത്ത് അത് തരാം, ഇത് തരാമൊന്നൊക്കെ പറഞ്ഞു. പക്ഷേ ഞങ്ങള്‍ക്ക് ഒന്നും കിട്ടിയില്ലെന്ന് തൊഴിലാളികൾ പറയുന്നു. ബിഹാര്‍ വികസിച്ചുവെന്നാണ് പറയുന്നത്. തൊഴില്ലായ്മ രൂക്ഷമായ ഇവിടം എങ്ങനെ വികസിക്കും എന്നാണ് തൊഴിലാളികളുടെ ചോദ്യം.

ലോക്ഡൗണിന് ശേഷം ചെറിയൊരു ശതമാനം കൊഴിലാളികൾക്ക് മാത്രമേ മറ്റ് സംസ്ഥാനങ്ങളില്‍ തൊഴില്‍ കിട്ടിയിട്ടുള്ളൂ. ബിഹാറിലാവട്ടെ തൊഴിലവസരങ്ങള്‍ നന്നേ കുറവും. തൊഴിലാളികളുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ യാതൊന്നും ചെയ്തിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധിയോട് പ്രചാരണ രംഗത്ത് നിതീഷ് കണ്ണടക്കുമ്പോള്‍ അത് മുതലെടുക്കാനുള്ള തീവ്രശ്രമത്തിലാണ് തേജസ്വിയും കൂട്ടരും. ബിഹാര്‍ ജനവിധിയില്‍ ഈ തൊഴിലാളി ജനതയുടെ നിലപാട് നിര്‍ണ്ണായകമാകും.

click me!