
ദില്ലി: കൊവിഡിനെ തുടർന്ന് കടുത്ത അനിശ്ചിതത്വത്തിലായ അതിഥി തൊഴിലാളികളുടെ കാര്യത്തിൽ കൂടുതൽ നിർദ്ദേശങ്ങളുമായി സുപ്രീം കോടതി. ലോക്ക്ഡൗൺ ലംഘിച്ച് പ്രതിഷേധിച്ചതിന് രജിസ്റ്റർ ചെയ്ത കേസുകൾ ഒഴിവാക്കുന്നതടക്കമുള്ള നിർദ്ദേശങ്ങളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നൽകിയിരിക്കുന്നത്.
തൊഴിലാളികളുടെ കാര്യത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങാനാഗ്രഹിക്കുന്നവരെ അടുത്ത 15 ദിവസത്തിനുള്ളിൽ തിരിച്ചെത്തിക്കണം. ഇതിനായി സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ ശ്രമിക് ട്രെയിനുകൾ ലഭ്യമാക്കണം. എല്ലാ സംസ്ഥാനങ്ങളിലും അതിഥി തൊഴിലാളികൾക്ക് വേണ്ടി ഹെൽപ് ഡസ്കുകൾ തുറക്കണം. ജോലി ചെയ്ത സംസ്ഥാനത്തേക്ക് തിരികെ പോകാൻ ആഗ്രഹിക്കുന്നവരെ സഹായിക്കാൻ എല്ലാ സംസ്ഥാനങ്ങളിലും കൗൺസിലിങ് സെന്ററുകൾ തുറക്കണം. ദുരന്ത നിവാരണ നിയമ പ്രകാരം അതിഥി തൊഴിലാളികൾക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പിൻവലിക്കണം. എത്ര അതിഥി തൊഴിലാളികൾ ഇപ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട് എന്നത് സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും വ്യക്തമായ പട്ടിക തയ്യാറാക്കണം എന്നും ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
അതിഥി തൊഴിലാളികളുടെ ദുരിതത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടാത്തത് വലിയ വിമര്‍ശനങ്ങൾ ഉണ്ടാക്കിയതോടെയാണ് സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്. തൊഴിലാളികളുടെ മടക്കയാത്ര 15 ദിവസത്തിനുള്ളിൽ പൂര്‍ത്തിയാക്കണമെന്ന് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. തൊഴിലാളികൾക്ക് സൗജന്യ യാത്രയും ഭക്ഷണവും താമസവും ഉറപ്പാക്കാണമെന്ന നിര്‍ദ്ദേശവും നൽകിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam